വിഴിഞ്ഞം: നാട്ടുകാരെ ഇടിച്ചുതെറിപ്പിച്ച് മദ്യലഹരിയില്‍ സിപിഎം നേതാവിന്റെ കാറോട്ടം. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ ആമച്ചല്‍ കൊല്ലകോണം കുമാര മന്ദിരത്തില്‍ പ്ലാവൂര്‍ അനില്‍ എന്ന കെ.അനില്‍കുമാറാണ് ജനത്തെ ഭീതിയിലാഴ്ത്തി ബൈപാസ്സില്‍ സാഹസിക കാറോട്ടം നടത്തിയത്. ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരെ ഇടിച്ചിട്ട് നിറുത്താതെ പോയ കാറിനെ തടയാന്‍ ശ്രമിച്ച
അനില്‍കുമാര്‍
യുവാവിനെയും ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചു. കാറിന്റെ ബോണറ്റില്‍ സാഹസികമായി തൂങ്ങിക്കിടന്ന യുവാവുമായി ഒരു കിലോ മീറ്ററോളം ദൂരത്തില്‍ ഓടിയ കാറിനെ മറ്റു വാഹനങ്ങളില്‍ പിന്തുടര്ന്നെത്തിയ നാട്ടുകാര്‍ തടഞ്ഞു നിറുത്തി. അനില്‍കുമാറിനെയും കാറിനെയും വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടി രക്ഷപ്പെട്ടു. മദ്യപിച്ച ശേഷം സംഘം പിണറായി വിജയന്റെ നവകേരള യാത്രക്ക് പോകുകയായിരുന്നത്രെ. കാറിന്റെ ബോണറ്റില്‍ അപകടകരമായ നിലയില്‍ പിടിച്ചു കിടക്കേണ്ടി വന്ന വിഴിഞ്ഞം സ്വദേശി ഫൈസലി(30)നെ കാലിനു പരുക്കേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരമാണ് നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്ത്തി അനില്‍കുമാറിന്റെ അഴിഞ്ഞാട്ടം. കോവളം ജംങ്ഷനില്‍ യുവതിയുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു വിഴിഞ്ഞം ഭാഗത്തേക്ക് ഒരു കാര്‍ വരുന്നുവെന്ന് ഫൈസലിനെ സുഹൃത്തുകള്‍ വിളിച്ചറിയിച്ചു. വിവരം കിട്ടിയ യുവാവ് റോഡിലേക്കു നോക്കുമ്പോള്‍ സുഹൃത്തുകള്‍ പറഞ്ഞ നമ്പരിലിലുള്ള കാര്‍ വരുന്നത് കണ്ടു. വാഹനം നിറുത്താന്‍ കൈ കാണിക്കവെ അനില്‍കുമാര്‍ കാറിന്റെ വേഗം കൂട്ടി. അടുത്തെത്തിയ കാര്‍ പെട്ടെന്നു വേഗം കൂട്ടുന്നത് കണ്ട ഫൈസല്‍ രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ ചാടി പിടിച്ചു. കാറിന്റെ മുകളില്‍ ചാടി കയറിയില്ലായിരുന്നെങ്കില്‍ ഫൈസലിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുമായിരുന്നു. ബോണറ്റില്‍ തൂങ്ങിക്കിടന്ന യുവാവുമായി കാര്‍ പായുന്നതു കണ്ട ജംങ്ഷനിലെ കാര്‍ ഡ്രൈവര്‍മാരടക്കമുള്ളവര്‍ പിന്നാലെ പാഞ്ഞു.തെന്നൂര്‍ക്കോണം പെട്രോള്‍ പമ്പിനു സമീപം എതിരെ വലിയ വാഹനം വന്നതിനെത്തുടര്‍ന്ന് വേഗത കുറച്ച കാറിനെ പിന്നാലെ വന്ന കാര്‍ ഓവര്‍ടേക്ക് ചെയ്തു തടഞ്ഞു. തുടര്‍ന്ന് അനില്‍ കാര്‍ പിന്നിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇതിനിടെ കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര് ഓടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പോലീപരിശോധിച്ചതില് അനില്‍ മദ്യപിച്ചതായി കണ്ടെത്തി. പോലീസ് കസ്റ്റഡിയിലെടുത്ത അനിലിനെ നേമം ശാന്തിവിള ആശുപതിയില്‍ എത്തിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കാല് പാദത്തിനു പൊട്ടലേറ്റ ഫൈസലിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിലിനെതിരെയും അനിലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പേരില്‍ യുവാവുള്‍പ്പെടെ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെയും കേസുകളെടുക്കുമെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: