തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന അവലോകന യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ രൂക്ഷ വിമര്‍ശനം. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍ നന്നാക്കാതെ നന്നാക്കി എന്ന് പ്രസ്താവനയിറക്കിയ മന്ത്രി വി.എസ്. ശിവകുമാറിനെ യോഗത്തില്‍ വിമര്‍ശിച്ചു. വിമര്‍ശനം കേട്ടിരുന്നതല്ലാതെ കൗണ്‍സിലര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് മന്ത്രിക്ക് കഴിഞ്ഞില്ല.
പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാലിന് ചുറ്റുമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി ഓരോ വാര്‍ഡിനും അഞ്ചു ലക്ഷം വീതം നല്‍കും എന്ന് അറിയിച്ചിരുന്നെങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഒന്നും നടത്തിയിട്ടില്ല. യോഗത്തില്‍ വിവരം തിരക്കിയ നഗരസഭ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ മറുപടി പണികള്‍ ടെന്‍ഡര്‍ ചെയ്തില്ലെന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പണികള്‍ ചെയ്തവകയിലുള്ള തുകകള്‍ ഇനിയും കരാറുകാര്‍ക്ക് നല്‍കിയിട്ടില്ല. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ചെയ്ത പണികളായിരുന്നു ഇവ. തുക ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം പണികള്‍ ടെന്‍ഡര്‍ ചെയ്യാതെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് മരാമത്ത് പണികള്‍ നടത്താന്‍ സാധിക്കാത്തത്. ഉത്സവം തുടങ്ങിയതിനാല്‍ ഇനി റോഡ് പണികള്‍ ചെയ്യാന്‍ സാധിക്കില്ല. കുണ്ടും കുഴിയുമായ റോഡുകളാണ് ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റും.
തെരുവ് വിളക്കുകളും മാറ്റി സ്ഥാപിച്ചിട്ടില്ല. രാത്രിയില്‍ കൂരിരുട്ടത്തു കൂടെയാണ് ഭക്തജനങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകുന്നത്. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മുഖ്യമന്ത്രി കോടികള്‍ നല്കി എന്ന് പ്രഖ്യാപിച്ച് ഭക്തജനങ്ങളെ കബളിപ്പിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മന്ത്രി രമേശ് ചെന്നിത്തല, എഡിജിപി പത്മകുമാര്‍ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: