ന്യൂദല്‍ഹി: ലോക്സഭാ പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരനല്ല, ആര്‍ക്കാണോ സ്ഥാനം ലഭിക്കാത്തത് അവരാണ് കോടതിയെ സമീപിക്കേണ്ടതെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിക്കളഞ്ഞത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
എച്ച്. ആര് ജയിന് എന്നയാളാണ് ലോക്സഭാ പ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എംപിമാരാണ് ഇക്കാര്യത്തില്‍ മുന്നോട്ടുവരേണ്ടതെന്നും മറ്റൊരാള്‍ക്ക് ഇതില്‍ കാര്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ പൊതുതാല്‍പ്പര്യ ഹര്ജിയില്പ്പെടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് 44 അംഗങ്ങളാണുള്ളത്. എന്നാല്‍ സഭയുടെ പത്തിലൊന്ന് അംഗങ്ങളുണ്ടെങ്കില് മാത്രമേ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കൂ എന്നാണ് നിയമം. ഇതിനായി 55 സീറ്റുകളാണാവശ്യമായിട്ടുള്ളത്. ഔദ്യോഗിക പ്രതിപക്ഷ നേതൃപദവി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് തള്ളിക്കളഞ്ഞതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: