ന്യൂദല്‍ഹി: ജെഎന്‍യുവിലെ അഫ്സല് ഗുരു അനുകൂലികള്‍ ഭാരതത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രിയോടെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്തതിന്റെ വ്യക്തമായ തെളിവായി. നാലോളം വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഭാരതത്തെ വെട്ടിമുറിക്കുമെന്നും ഭാരതം നശിക്കട്ടെയെന്നും ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഏറ്റുവിളിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കനയ്യ നടത്തിയ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു. എന്നാല്‍ ലഷ്കര്‍ ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ജെഎന്‍യുവില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം ഗൗരവകരമായ കാര്യങ്ങള്‍ വരുമ്പോള്‍ അതതു സമയത്ത് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് വിവരം കൈമാറും. കനയ്യയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പോലീസ് തേടുന്നുണ്ട്. എന്നാല്‍ ഇവര്‍ ഒളിവിലാണ്, ബാസി പറഞ്ഞു.
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു എബിവിപി പ്രവര്‍ത്തകരെന്നാണ് ലഭിക്കുന്ന വിവരം. അഫ്സല് ഗുരുവിനെ അനുസ്മരിച്ചുകൊണ്ട് നടന്ന പരിപാടി തടസ്സപ്പെടുത്താനായിരുന്നു എബിവിപിയുടെ ശ്രമമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ജെഎന്‍യു കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ തെളിവുകള്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റു രഹസ്യകേന്ദ്രങ്ങളുമായുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ബന്ധവും മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന യാത്രകളും ഏജന്‍സികള്‍ പരിശോധിക്കുന്നു.
കൂടാതെ ജമ്മുകാശ്മീരിലെ വിഘടനവാദ സംഘടനകള്‍ക്ക് ചില വിദ്യാര്‍ത്ഥികളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ഭാരതത്തെ വെട്ടിമുറിക്കുമെന്ന് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെ ജെഎന്‍യു സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ സാധ്യതയേറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: