പാനൂര്‍: കേസില്‍ പ്രതിയായി റിമാന്‍ഡു ചെയ്യപ്പെട്ട പ്രതിക്ക് കൂട്ടിന് ഗണ്‍മാന്‍. പി.ജയരാജന് അനുവദിച്ച പോലീസുകാരാണ് തലശേരി കോടതി റിമാന്‍ഡ് ചെയ്തതിനു ശേഷവും ആംബുലന്‍സില്‍ അകമ്പടി സേവിച്ചത്. കോടതി സംരക്ഷണയിലുളള പ്രതിക്ക് പ്രത്യേക സുരക്ഷ ആവശ്യമില്ലെന്നിരിക്കെയാണ് പോലീസിന്റെ ചട്ടലംഘനം. പ്രത്യേക സുരക്ഷ പിന്‍വലിക്കണമെന്ന നിയമമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഇതിനു പുറമെ ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും, പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലും സിപിഎമ്മിനു വേണ്ടി പണിയെടുത്ത പന്ന്യന്നൂര്‍ മഠപ്പുരയ്‌ക്ക് സമീപത്തെ സിവില്‍ പോലീസ് പ്രമോദ് വീണ്ടും പി.ജയരാജന്റെ സുരക്ഷയ്‌ക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ആന്റണി എന്ന പോലീസുകാരനു പുറമെ ഇയാളും ഇന്നലെ ജയരാജനൊപ്പം അകമ്പടി സേവിക്കാന്‍ ഉണ്ടായിരുന്നു. ടിപി.ചന്ദ്രശേഖരന്‍ കേസില്‍ ഇടപ്പെട്ടതിനു കണ്ണൂരില്‍ നിന്നും വടകരയിലേക്ക് പ്രമോദിനെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ മനോജ് വധത്തിനു ശേഷം പി.ജയരാജന്റെ ഗണ്‍മാനായി ഈ പോലീസുകാരനെ വീണ്ടും അവരോധിക്കുകയായിരുന്നു. ഇതു കേസില്‍ സിപിഎമ്മിനെ സഹായിക്കാന്‍ ആഭ്യന്തര വകുപ്പ് നടത്തിയ നീക്കമാണെന്ന്് സംശയമുണ്ട്. സിബിഐ കണ്ടെത്തിയ തെളിവുകള്‍ അട്ടിമറിക്കാനുളള ശ്രമമാണ് ഇതിനു പിന്നില്‍. എന്നും അക്രമികളായ സിപിഎം നേതാക്കള്‍ക്ക് സൗകര്യം അനുവദിക്കുന്ന സമീപനമാണ് യുഡിഎഫ് കൈകൊളളാറുളളത്. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ അസുഖ ബാധിതനായതിനാല്‍ ജില്ലാ ആശുപത്രി വാര്‍ഡില്‍ പ്രത്യേക കട്ടിലും, കിടക്കയും, ഭക്ഷണവും പി.ജയരാജന് ഒരുക്കിയിരുന്നു. മുറിയില്‍ ടെലിവിഷനുമുണ്ടായി. മറ്റുളള തടവുകാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് പുറമെ സൗകര്യങ്ങള്‍ ഏറെ ചെയ്തു കൊടുക്കുകയാണ് സര്‍ക്കാര്‍. ഇതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
















