ലോകത്തെ രക്ഷിപ്പാനാണ് ഹൃദയസ്ഥിതനായ ഭഗവാന്‍ യുഗേ യുഗേ അവതരിക്കുന്നത്. ഒരു രാത്രി പോയാല്‍ ഒരു പകല്‍ ഉണ്ടാകുന്നു. ഇതു പോലെ അറിവുകേടും അധര്‍മ്മവും കൊണ്ടുള്ള (ഉണ്ടായി വന്ന) മഹാപാപമായ രാത്രിയല്ല കാളരാത്രി നിശ്ശേഷം ഇല്ലാതയാക്കി സ്വയം പ്രകാശിക്കുന്നത്.
അവരവരിലുള്ള അറിവും പ്രവര്‍ത്തിയും കൊണ്ട് അവരവര്‍ അനുഭവസ്ഥരായി (ഹൃദയസ്ഥിതന്മാരായി) യാതൊരു മാലിന്യവും ഇല്ലാത്തവരായി അറിവുകൊണ്ടും പ്രവൃത്തികൊണ്ടും മനുഷ്യലോകം സ്വയംപ്രകാശിക്കുന്ന അവസ്ഥ ഭഗവാങ്കല്‍ ലയിച്ചു ലഭിക്കുന്നു. ഈ അവസ്ഥ ഭഗവാങ്കല്‍ ലയിക്കാതെ ലഭിക്കുന്നതല്ല.
ഭഗവാങ്കല്‍ ലയിക്കുകയെന്നുള്ളത് ഭഗവാങ്കലുള്ള ഗുരുരൂപത്തെ വച്ച് അതായത്, അറിവിനേയും പ്രവൃത്തിയേയും വച്ച് മറ്റുള്ളവരെ രൂപീകരിക്കുമ്പോള്‍ ഈ രൂപീകരണത്തില്‍ കൂടി ഭഗവല്‍ ശക്തിയില്‍ ലയിച്ചിരിക്കുക നിമിത്തം ഭഗവല്‍ ശ്രുശ്രൂഷയാണ് തന്റെ അറിവും പ്രവര്‍ത്തിയും. ഈ നിലയില്‍ ഏവനൊരുത്തന്‍ വന്നെത്തുമോ ആയവന്‍ സ്വയം പ്രകാശിക്കുന്നു. ഇങ്ങനെയുള്ള സ്വയംപ്രകാശത്തെ വച്ച് ലോകത്തെ പുതുതായി സൃഷ്ടിച്ച് മനുഷ്യരെ നരകത്തില്‍ നിന്നു സ്വര്‍ഗ്ഗമാകുന്ന ഈ അവസ്ഥയിലേക്കു വലിച്ചെടുക്കുന്നു.
സൂര്യനെ കൂടാതെ ഇരുട്ടിനു സ്വയംപ്രകാശിക്കാന്‍ കഴിയാത്തതു പോലെ പാപത്തില്‍ ഇരിക്കുന്നവര്‍ക്ക് സ്വതേ വിടുതല്‍ സാദ്ധ്യമല്ല. ഇതിനാലത്രെ ഏതു കാലത്തും ഏവര്‍ക്കും ഏതിനും ഗുരുവിന്റെ ആവശ്യം.
















