ന്യൂയോര്‍ക്ക്: സിക്കാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിക്കാ വൈറസിന്റെ വ്യാപനം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നടപടി. ബ്രസീലിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പ്രതിസന്ധി വ്യാപിക്കാനും പൊതുജനാരോഗ്യത്തിന് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ജനീവയില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെ യോഗം വിലയിരുത്തി. സിക്കാവൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.
അതേ സമയം വൈറസിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളുടെ സംയോജിത നീക്കം വേണമെന്ന നിലപാടും ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചു.ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ വൈറസുകള്‍ക്ക് സമാനമായ സിക്ക വൈറസ് പരത്തുന്നത് ഉഷ്ണമേഖലകളിലുളള ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ്.
ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിടുണ്ട്. നവജാതശിശുക്കളില്‍ മൈക്രോസെഫാലി എന്ന അവസ്ഥയ്‌ക്കിടയാക്കുന്നു എന്നതാണ് സിക്ക വൈറസിനെ ഏറ്റവും അപകടകാരിയാക്കുന്നത്.
ഗര്‍ഭിണികളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലയോട്ടി ചുരുങ്ങന്ന രോഗമാണ് പ്രധാനമായും കണ്ടുവരുന്നത്. മറ്റ് നാഡീ വൈകല്യങ്ങളും കണ്ടുവരുന്നുണ്ട്. ബ്രസീലില്‍ മാത്രം 2000ത്തോളം കുഞ്ഞുങ്ങളാണ് ഈ രോഗാവസ്ഥയുമായി ജനിച്ചുവീണത്. സിക്ക പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലും ജാഗ്രതാനിര്‍ദേശമുണ്ട്.
2014 ല്‍ എബോള വൈറസിനെതിരെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.എബോളയെ ആഗോള അടിയന്തരവാസ്ഥയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ലോകാരോഗ്യ സംഘടന രൂക്ഷമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധ മരുന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കൊതുക് വഴിയാണ് രോഗം പടരുന്നത്. അതിനാല്‍ കൊതുകു നിര്‍മാര്‍ജന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.
















