കൊച്ചി: നിര്‍ദിഷ്ട വിവിധോദ്ദേശ്യ കാലാവസ്ഥ അഭയ കേന്ദ്രങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലോകബാങ്ക് പ്രതിനിധി സംഘം കൊച്ചി സന്ദര്‍ശിക്കുന്നു. ജില്ലയില്‍ അഭയ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശിച്ചിട്ടുളള കുമ്പളങ്ങി, ഞാറയ്‌ക്കല്‍, പള്ളിപ്പുറം, പുത്തന്‍വേലിക്കര വില്ലേജുകള്‍ സംഘം സന്ദര്‍ശിക്കും. നാളെമുതല്‍ രണ്ടുദിവസങ്ങളിലായാണ് 20 അംഗ സംഘം കൊച്ചിയിലെത്തുന്നത്.
രാവിലെ 10ന് കുമ്പളങ്ങി പുത്തന്‍തോട് ജിഎച്ച്എസ്എസിലെത്തുന്ന സംഘം 2.30 ന് ഞാറയ്‌ക്കല്‍ വില്ലേജ് ഓഫീസിനു സമീപത്തെ റവന്യൂ ഭൂമി സന്ദര്‍ശിക്കും. 3.30 ന് പള്ളിപ്പുറം വില്ലേജ് ഓഫീസിനു സമീപത്തെ റവന്യൂ ഭൂമിയും 4.30 ന് പുത്തന്‍വേലിക്കരയിലെ പഞ്ചായത്ത് ഭൂമിയും സന്ദര്‍ശിക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്തെത്തണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്. സുഹാസിനെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്.
















