ന്യൂദല്‍ഹി : പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് അറിയാന്‍ ഭാരതം അമെരിക്കയുടെ സഹായം തേടും. ആക്രമണം നടത്തിയ ഭീകരരില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത ഉപകരണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ആറ് ഭീകരരും ഉപയോഗിച്ചത് അമേരിക്കന്‍ നിര്‍മ്മിത ബൈനോക്കുലര്‍ ആയിരുന്നു. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നവയാണിവ. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക ക്യാമ്പുളില്‍ നിന്ന് മോഷ്ടിച്ചതാകാം ഇതെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ പാക് സൈന്യത്തില്‍ നിന്ന് ലഭിച്ചതാകാം എന്നാണ് കേസന്വേഷിക്കുന്ന എന്‍ഐഎ വിലയിരുത്തുന്നത്.
ഉപകരണങ്ങളിലെ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഭീകരരുടെ പാക് ബന്ധം കണ്ടെത്താനാണ് എന്‍ഐഎ ശ്രമിക്കുന്നത്. കൂടാതെ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങള്‍, ഷൂ എന്നിവ പാക് ബന്ധം തെളിയിക്കുന്നതാണ്. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ നടക്കേണ്ടിയിരുന്ന ഭാരത-പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും സെക്രട്ടറിമാര്‍ തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി.
പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് വേഗത്തില്‍ അന്വേഷണം ആരംഭിക്കണമെന്ന് പാക്കിസ്ഥാനോട് നേരത്തേ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: