തലശ്ശേരി: വിപ്ലവ പ്രസ്ഥാനമെന്ന് അണികളെ തെറ്റിദ്ദരിപ്പിക്കുകയും പെറ്റമ്മയേക്കാള്‍ മഹത്തരമാണ് മാര്‍ക്‌സിസമെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വവും സമൂഹത്തില്‍ പരിഹാസ്യരാകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇന്നലെ സെഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യഹരജി നല്‍തിയതിലൂടെ വ്യക്തമായിരിക്കുന്നത്.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണാര്‍ത്ഥം തലശ്ശേരി ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയുടെ ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണ് മുന്‍കൂര്‍ ജാമ്യം തേടാന്‍ ജയരാജനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ദേഹാസ്വാസ്ഥ്യത്തിന്റെ പേര് പറഞ്ഞ് ഒരാഴ്ച അവധിയാക്കി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും നോട്ടീസ് ലഭിച്ചപ്പോഴാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പാര്‍ട്ടിയുടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും മനോജ് കൊലക്കേസില്‍ പ്രതികളായി ജയില്‍വാസമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍ ജില്ലാ നേതാവായ ജയരാജന് തന്നെ ചോദ്യം ചെയ്യുന്നത് പോലും അസഹനീയമായാണ് അനുഭവപ്പെടുന്നത്. രാഷ്‌ട്രീയ പ്രതിയോഗികളെ അക്രമിക്കാനും കൊല്ലാനും ആഹ്വാനം ചെയ്യുന്ന നേതൃത്വം കേസില്‍ നിന്ന് ഓടിയൊളിക്കാന്‍ കാട്ടുന്ന തിടുക്കം നേതൃത്വത്തെയും പാര്‍ട്ടിയെയും പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. കേസില്‍ പ്രതിയായി ജയിലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിക്കുന്ന നേതാക്കള്‍ക്ക് കേസന്വേഷണത്തിന്റെ ആവശ്യത്തിനായി തങ്ങളെ ചോദ്യം ചെയ്യുന്നതുപോലും ഭയമാണെന്ന കാര്യമാണ് ഈ മുന്‍കൂര്‍ ജാമ്യഹരജിയിലൂടെ വ്യക്തമാകുന്നത്.
നഷ്ടപ്പെടുവാന്‍ കൈവിലങ്ങുകള്‍ മാത്രമെന്ന് അനുയായികളെ വിശ്വസിപ്പിക്കുകയും മുദ്രാവ്ക്യം വിളിപ്പിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് നഷ്ടപ്പെടുവാന്‍ പലതുമുണ്ട് എന്നത് പകല്‍വെളിച്ചം പോലെ ഇവിടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഡാലോചനയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ആഹ്ലാദത്തിലാണ് ആര്‍എസ്എശ് നേതാവ് മനോജിനെ നിഷ്ഠുരമായി പതിയിരുന്ന് അക്രമിച്ച് കൊലപ്പെടുത്താന്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തത്. അതിന് നിയോഗിച്ചതാകട്ടെ തന്റെ വിശ്വസ്തനും സന്തതസഹചാരിയുമായിരുന്ന വിക്രമനെയും. വിക്രമന്‍ ഇന്നും ജയിലഴിക്കുള്ളിലാണ്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനാണ് സിബിഐ നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ നേതാവിന് വിറയും തുള്ളല്‍പ്പനിയും രക്ഷപ്പെടാനുള്ള രോഗിയായുള്ള അഭിനയവുമാണ് അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് വിവരമുള്ള സഖാക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് ഇപ്പോള്‍ വിപ്ലവ പാര്‍ട്ടി നേതൃത്വം.
















