ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി ജലാശയത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ രോഗ ഭീഷണിയില്‍. പയഞ്ചേരി മുതല്‍ തന്തോട് വരെയുള്ള ഇരിട്ടി പട്ടണത്തിലെ വിവിധ ഹോട്ടലുകള്‍, അറവുശാലകള്‍, കോഴിക്കടകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള അവശിഷ്ടങ്ങള്‍, തുണിക്കടകള്‍, ഗാര്‍മെന്റ്‌സ്, സ്‌റ്റേഷനറി കടകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പഴന്തുണികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴക്കടകളില്‍ നിന്നും ടൗണിലെ വണ്ടിക്കടകളില്‍ നിന്നും മറ്റുമുള്ള പാഴ് വസ്തുക്കള്‍ തുടങ്ങിയവയെല്ലാം രാത്രിയുടെ മറവിലും മറ്റും തള്ളുന്നത് ഈ ജലാശയത്തിലാണ്.
ഇരിട്ടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലെ ജലാശയത്തിന്റെ സ്ഥിതി അതീവ ദയനീയമാണ്. ഇരിട്ടി താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ ഓഫീസിന്റെ പുറകുവശമാണിത്. എന്നാല്‍ തഹസില്‍ദാര്‍ അടക്കമുള്ള ഭരണകര്‍ത്താകളും നൂറിലേറെ ഉദ്യോഗസ്ഥരും നിത്യം ഈ കാഴ്ച കാണുന്നുണ്ടെങ്കിലും എന്തെങ്കിലും ഒരു നടപടിക്ക് ഇവര്‍ തുനിയുന്നില്ല എന്നതും ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. അതേപോലെ ഇരിട്ടി നഗരസഭയും ആരോഗ്യ പ്രവര്‍ത്തകരും പരിതസ്ഥിതി സ്‌നേഹികളും ഇങ്ങോട്ട് തിരിഞ്ഞു നോക്കുകപോലും ചെയ്യുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഴശ്ശി ജലസംഭരണിയില്‍ ഇത്രമാത്രം ജലം ഉയര്‍ത്തുന്നത്. തകരാറിലായ ഷട്ടറുകള്‍ പുതുക്കി പണിതതിനെ തുടര്‍ന്നാണ് ഇത് സാദ്ധ്യമായത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ജലം ഉയര്‍ന്നിരുന്ന സമയത്ത് പഞ്ചായത്തും പോലീസും വ്യാപാരി സംഘടനകളും മറ്റും ചേര്‍ന്നുകൊണ്ട് ക്ലീന്‍ ഇരിട്ടി ഗ്രീന്‍ ഇരിട്ടി എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടി വിവിധതലങ്ങളില്‍ നിന്നും ഏറെ പ്രശംസയും പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം ഈ പരിപാടി നിലച്ചു പോവുകയും പദ്ധതി പ്രദേശം വീണ്ടും മാലിന്യക്കൂമ്പാരമായി മാറുകയും ചെയ്തു. വര്‍ഷങ്ങളായി ഷട്ടര്‍ തകരാറുമൂലം ജലസംഭരണിയില്‍ ജലം ഇല്ലാതായതോടെ ഇത് ആരും ശ്രദ്ധിക്കാതെയുമായി. എന്നാല്‍ ഈ അഞ്ചു വര്‍ഷക്കാലത്തോളമായി ആരും ശ്രദ്ധിക്കാതെ ഇവിടെ തള്ളിയ മാലിന്യങ്ങള്‍ എല്ലാം ഇപ്പോള്‍ ഈ കുടിവെള്ള പദ്ധതിയില്‍ അലിഞ്ഞു ചേരുകയാണ്. ഇപ്പോഴും ഇവിടെ തള്ളുന്ന മാലിന്യങ്ങളെ ആരും നിയന്ത്രിക്കുന്നുമില്ല. ഇതിനു തടയിടാനാവുന്നില്ലെങ്കില്‍, അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ ജലം കുടിവെള്ളമായി ഉപായോഗിക്കുന്ന ആയിരക്കണക്കായ ജനങ്ങള്‍ മാരക രോഗങ്ങള്‍ക്ക് അടിമകളായിത്തീരുമെന്ന് തീര്‍ച്ചയാണ്.
















