മുംബൈ: അത്ഭുതമെന്നോ, അവിശ്വസനീയമെന്നൊ എന്തു തന്നെ വിശേഷിപ്പിച്ചാലും അതു സത്യമാണ് ക്രിക്കറ്റില്‍ ഒരു വ്യക്തി 1,000 റണ്‍സ് പിന്നിട്ടു. മഹാരഥന്മാര്‍ക്കോ, ഇതിഹാസങ്ങള്‍ക്കോ ഒന്നും കൈയെത്തിപ്പിടിക്കാനാകാത്ത നേട്ടത്തിനുടമ മുംബൈയിലെ സാധാരണക്കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെന്നറിയുമ്പോള്‍ അവിശ്വസനീയത ആകാംക്ഷയ്‌ക്കു വഴിമാറും. നഗരത്തിലെ ഓട്ടോ ഡ്രൈവറായ കല്യാണ്‍ സ്വദേശി പ്രശാന്തിന്റെ മകന്‍ പ്രണവ് ധന്‍വാഡെയെന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് 1,009 റണ്‍സ് നേടി ക്രിക്കറ്റ് പുസ്തകത്തില്‍ ഇടംപിടിച്ചത്. പണക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെയാണ് ഈ പതിനഞ്ചുകാരന്‍ നാട്ടുകാരനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കാള്‍ തലയെടുപ്പോടെ ഉദിച്ചുയര്‍ന്നത്.
ആദ്യ ദിവസം എതിരാളികളായ ആര്യ ഗുരുകുല്‍ സ്‌കൂള്‍ 31ന് പുറത്തായതോടെ ഗാന്ധി സ്‌കൂളിനായി പ്രണവ് ബാറ്റിങ്ങിനിറങ്ങി. ഉച്ചഭക്ഷണം വരെ വെറും 45 റണ്‍സ് മാത്രമാണ് പ്രണവ് നേടിയത്. എന്നാല്‍, അടുത്ത രണ്ടു സെഷനുകളില്‍ കളി മാറി. തന്റെ ഊര്‍ജം മുഴുവന്‍ ബാറ്റില്‍ ആവാഹിച്ച പ്രണവ് എതിര്‍ ബൗളര്‍മാരെ നിര്‍ദയം പ്രഹരിച്ചു. അടുത്ത രണ്ടു സെഷനുകളില്‍ 607 റണ്‍സ് ആ ബാറ്റില്‍നിന്ന് പിറന്നു. ഇതിനിടെ പ്രിഥ്‌വി ഷായുടെ ഇന്ത്യന്‍ റെക്കോഡും (546), കോളിന്‍സിന്റെ ലോക റെക്കോഡും (628) വഴിമാറി. രണ്ടാം ദിവസമായ ഇന്നലെയും ആക്രമണം തുടര്‍ന്ന പ്രണവ് ഉച്ചഭക്ഷണത്തിനു മുന്‍പു തന്നെ 1,000 തികച്ച് വിസ്മയമായി. പ്രണവ് 1,009ല്‍ നില്‍ക്കെ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ടീമംഗങ്ങളായ ആകാശ് സിങ്ങും (173), സിദ്ദേഷ് പട്ടേലും (100) സെഞ്ചുറി നേടി.
മുന്നൂറ് കടന്നപ്പോള്‍ സ്‌കൂള്‍ ടീം പരിശീലകന്‍ ഹരീഷ് ശര്‍മ വിക്കറ്റ് നഷ്ടപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചിരുന്നതായി പ്രണവ് പറഞ്ഞു. ലോക റെക്കോഡിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, പ്രിഥ്‌വി ഷായുടെ റെക്കോഡ് മറികടക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും പ്രണവ് പറഞ്ഞു. മുംബൈയിലെ പ്രാദേശിക ക്രിക്കറ്റിലാണ് പ്രിഥ്‌വി റെക്കോഡിട്ടത്. നേട്ടത്തിനു സാക്ഷിയാകാന്‍ അച്ഛനും മൈതാനത്തെത്തിയിരുന്നു. ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെയാണ് പ്രണവ് ഗ്രൗണ്ടില്‍ നിറഞ്ഞാടുന്നത് പ്രശാന്ത് അറിയുന്നത്. ഉടന്‍ മൈതാനത്തെത്തി. റെക്കോഡുമായി തിരികെയെത്തിയ മകനെ വാരിപ്പുണര്‍ന്നാണ് അച്ഛന്‍ വരവേറ്റത്.
അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് പ്രണവ് പഠിത്തത്തിനൊപ്പം തന്റെ ക്രിക്കറ്റ് കമ്പവും ഒപ്പംകൊണ്ടുപോകുന്നത്. അഞ്ചാം വയസില്‍ കല്യാണിലെ മോഡേണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ പരിശീലനം തുടങ്ങി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ഷെയ്ഖ് ആദ്യ പരിശീലകന്‍. മുംബൈ ജൂനിയര്‍ ടീം സെലക്ഷനില്‍ പലകുറി പങ്കെടുത്തുവെങ്കിലും നിരാശയായിരുന്നു ഫലം.
പ്രണവിന്റെ നേട്ടത്തില്‍ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങളുമായെത്തി. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് ഇതിനും മുന്‍നിരയിലെത്തിയത്. ട്വിറ്ററിലൂടെ സച്ചിന്റെ അഭിനന്ദനം. കഠിനാദ്ധ്വാനം ചെയ്ത് കൂടുതല്‍ മികവിലെത്തണമെന്ന് സച്ചിന്‍ ഉപദേശിച്ചു.
നേട്ടം മികച്ച പരീശലനത്തിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് പ്രണവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മികച്ച പരിശീലനം നല്‍കി താരത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചതോടെ അതിനാകുമെന്ന പ്രതീക്ഷയില്‍ പ്രണവ്.
















