കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗരാഷ്‌ട്രക്ക് 73 റണ്‍സിന്റെ മിന്നുന്ന വിജയം. ജമ്മുകശ്മീരിനെതിരെയാണ് സൗരാഷ്‌ട്ര വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്ര 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 55 പന്തില്‍ നിന്ന് അഞ്ച് വീതം ഫോറും സിക്‌സറുമടക്കം 81 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ടോപ്‌സ്‌കോറര്‍. ചിരാഗ് ജെയ്‌നി 38 റണ്‍സുമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുകശ്മീര്‍ 17.1 ഓവറില്‍ 84ന് ഓള്‍ ഔട്ട്. 30 റണ്‍സെടുത്ത ഇയാന്‍ ദേവ് സിങ് ടോപ് സ്‌കോറര്‍. മിഥുന്‍ മന്‍ഹാസ് 17 റണ്‍സുമെടുത്തു. ബാക്കിയാരും രണ്ടക്കം കടന്നില്ല. സൗരാഷ്‌ട്രക്ക് വേണ്ടി ധര്‍മ്മേന്ദ്രസിങ് ജഡേജ മൂന്നും ജയദേവ് ഉനദ്കത് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറ്റൊരു മത്സരത്തില്‍ ഝാര്‍ഖണ്ഡ് എട്ട് വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 120 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഝാര്‍ഖണ്ഡ് ഒരു പന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു.
















