ന്യൂദല്‍ഹി: ബിസിസിഐയെ അഴിമതിരഹിതമാക്കി, അടിമുടി പരിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിസിസിഐക്കും ഐപിഎല്ലിനും രണ്ട് വ്യത്യസ്ത ഭരണസമിതികള്‍ വേണമെന്നും ബിസിസിഐ തലപ്പത്ത് രാഷ്‌ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വേണ്ടെന്നതും അടക്കം ഒട്ടേറെ ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.
ബിസിസിഐ ദേശീയ സ്ഥാപനമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അംഗത്വം നല്‍കണം. ബിസിസിഐക്ക് വിവരാവകാശനിയമം ബാധകമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഐപിഎല്‍ നടത്തിപ്പിന് ഒന്‍പതംഗ ഗവേണിങ് കൗണ്‍സില്‍ രൂപീകരിക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ചുമതല ഈ സമിതിക്കാകണം. ബിസിസിഐ സെക്രട്ടറിയും ട്രഷററും കമ്മിറ്റിയില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍. രണ്ട് അംഗങ്ങളെ മറ്റ് മുഴുവന്‍ സമയ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യണം അല്ലെങ്കില്‍ തെരഞ്ഞെടുക്കണം. ബാക്കിയുള്ള അഞ്ച് പേരില്‍ രണ്ടു പേര്‍ ഫ്രാഞ്ചൈസികളുടെ പ്രതിനിധികളാകണം. ഒരാള്‍ കളിക്കാരുടെ അസോസിയേഷന്റെ പ്രതിനിധിയും, മറ്റൊരാള്‍ സിഎജിയുടെ പ്രതിനിധിയും. കളിക്കാര്‍ക്കായി അസോസിയേഷന്‍ രൂപീകരിക്കണം. അതിനെക്കുറിച്ച് പഠിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശം.
ബിസിസിഐയില്‍ സിഇഒ തസ്തിക രൂപീകരിക്കണമെന്നും, ദൈനംദിന ഭരണനിര്‍വഹണം സിഇഒയെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഇദ്ദേഹത്തെ സഹായിക്കാന്‍ പ്രൊഫഷണല്‍ മാനേജര്‍മാര്‍ വേണം. ഓംബുഡ്‌സ്മാന്‍, എത്തിക്‌സ് ഓഫീസര്‍, ഇലക്റ്ററല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കണമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ഓംബുഡ്‌സ്മാന്‍ സുപ്രീംകോടതി ജഡ്ജിയോ, വിരമിച്ച ഹൈക്കോടതി ജഡ്ജിയോ ആകണം. വിരമിച്ച ഹൈക്കോടതി ജഡ്ജിയാകണം എത്തിക്‌സ് ഓഫീസര്‍. അംഗങ്ങളുടെ ഭിന്നതാത്പര്യം, അഴിമതി വിഷയങ്ങള്‍ എന്നിവ ഇദ്ദേഹം കൈകാര്യം ചെയ്യും. തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കാനാണ് ഇലക്റ്ററല്‍ ഓഫീസര്‍. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുന്‍പെങ്കിലും ഇദ്ദേഹത്തെ നിയോഗിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ചയാളാകണം ഇലക്റ്ററല്‍ ഓഫീസര്‍.
മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിക്കരുതെന്ന നിര്‍ദേശത്തിനു പുറമെ ഭാരവാഹികള്‍ക്ക് 70 വയസ് പ്രായപരിധിയും ലോധ കമ്മിറ്റി മുന്നോട്ടുവയ്‌ക്കുന്നു. മൂന്നു വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. മൂന്നു ടേമില്‍ കൂടുതല്‍ അതായത് ഒന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിയായി തുടരരുത്.
ഓരോ സംസ്ഥാനത്തിനും ഒരു അസോസിയേഷന്‍ മതിയെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം. നിലവില്‍ മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഒന്നിലധികം അസോസിയേഷനുകളുണ്ട്. സംസ്ഥാന അസോസിയേഷനുകള്‍ക്കു മാത്രമേ വോട്ടിങ് അവകാശം അനുവദിക്കാവു. സര്‍വീസസ്, റെയ്ല്‍വെ തുടങ്ങിയ അസോസിയേഷനുകളെ വോട്ടിങ് അധികാരമില്ലാത്ത അസോസിയേറ്റ് അംഗങ്ങളാക്കണം. സംസ്ഥാന അസോസിയേഷനുകളുടെ ഭരണഘടനയും ഘടനയുമെല്ലാം ഏകീകരിക്കണം.
കളിയും മറ്റ് കാര്യങ്ങളും കൂട്ടിക്കുഴയ്‌ക്കരുത്. അക്കൗണ്ടുകള്‍ ബിസിസിഐയുടെ ഓഡിറ്റിങ്ങിന് വിധേയമായിരിക്കും. ഭിന്ന താത്പര്യം, അഴിമതി തുടങ്ങിയവയില്‍ ബിസിസിഐ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന അസോസിയേഷനുകള്‍ കര്‍ശനമായി പാലിക്കണം. അച്ചടക്കം ലംഘിക്കുന്ന അസോസിയേഷനുകളുടെ അംഗീകാരവും, ബിസിസിഐയുടെ സബ്‌സിഡിയും ഗ്രാന്‍ഡുമെല്ലാം നഷ്ടമാകും. സംസ്ഥാന അസോസിയേഷനുകളുടെ തീരുമാനങ്ങളെല്ലാം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. സംസ്ഥാന അസോസിയേഷനുകളില്‍ മുന്‍ താരങ്ങള്‍ മാത്രമേ ഉണ്ടാകാവൂയെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ദേശീയ ടീമുകളെ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്നംഗങ്ങള്‍ മതി. സീനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിച്ച താരങ്ങളാണ് വേണ്ടത്. ഇതില്‍ തന്നെ കൂടുതല്‍ ടെസ്റ്റ് കളിച്ചവരാകണം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. പ്രതിഭകളെ കണ്ടെത്താനും മൂന്നംഗ സമിതി വേണം. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡിയാണ് ഇവരെ തെരഞ്ഞെടുക്കേണ്ടതെന്നും ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
















