കേപ്ടൗണ്‍: ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ (258) ആദ്യ ഇരട്ട സെഞ്ചുറിയുടെയും, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റൗവിന്റെ (150 നോട്ടൗട്ട്) കന്നി സെഞ്ചുറിയുടെയും ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വന്‍ സ്‌കോര്‍. രണ്ടാം ദിനം ആറ് വിക്കറ്റിന് 629 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു ഇംഗ്ലണ്ട്. മറുപടി തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സില്‍. ഹാഷിം അംല (46), എ.ബി. ഡിവില്ലേഴ്‌സ് (25) ക്രീസില്‍.
ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ ടെസ്റ്റ് ഡബിള്‍ സെഞ്ചുറി കുറിച്ച ബെന്‍ സ്റ്റോക്‌സ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കാഴ്ചക്കാരാക്കി. 163 പന്തിലാണ് സ്റ്റോക്‌സ് ഇരുന്നൂറ് കടന്നത്. 153 പന്തില്‍ ഇരുന്നൂറ് തികച്ച ന്യൂസിലന്‍ഡ് മുന്‍ ഓപ്പണര്‍ നഥാന്‍ ആസിലിന്റെ പേരിലാണ് വേഗമേറിയ ഇരട്ടശതകത്തിന്റെ റെക്കോഡ്. 198 പന്തില്‍ 30 ഫോറും, 11 സിക്‌സറും പറത്തി 258 റണ്‍സെടുത്ത സ്റ്റോക്‌സ് മടങ്ങി അധികം വൈകാതെ ബെയര്‍സ്റ്റൗ 150 തികച്ചു. ഇതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കരിയറിലെ മൂന്നാം സെഞ്ചുറിയാണ് സ്‌റ്റോക്‌സിനിത്. ആറാമനായെത്തി ഇരുന്നൂറ് പിന്നിടുന്ന പത്താമത്തെ ബാറ്റ്‌സ്മാനാണ് സ്റ്റോക്‌സ്, ആദ്യ ഇംഗ്ലീഷ് താരവും. സ്റ്റോക്‌സിന്റെ പ്രതിരോധം ഭേദിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായില്ല. ഒടുവില്‍ റണ്ണൗട്ടായി താരം. സ്റ്റോക്‌സിന് പറ്റിയ പങ്കാളിയായ ബെയര്‍ സ്റ്റൗ 191 പന്തില്‍ 18 ഫോറും രണ്ട് സിക്‌സറുമടക്കം 150 റണ്‍സെടുത്തു. ഇരുവരും ആറാം വിക്കറ്റില്‍ ചേര്‍ത്ത 399 റണ്‍സ് ഈ വിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.
അഞ്ചിന് 317 എന്ന നിലയില്‍ രണ്ടാം ദിനം തുടര്‍ന്ന ഇംഗ്ലണ്ട് ആതിഥേയ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല. 2002നു ശേഷം നാട്ടില്‍ ദക്ഷിണാഫ്രിക്കയുടെ നാല് ബൗളര്‍മാര്‍ നൂറിലധികം റണ്‍സ് വഴങ്ങുന്നത് ഇതാദ്യം. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അന്ന് ബൗളര്‍മാര്‍ നിറംമങ്ങിയത്. മൂന്നു വിക്കറ്റോടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പനായി കാഗിസോ റബഡ 175 റണ്‍ വഴങ്ങി. ക്രിസ് മോറിസ് (150), മോണി മോര്‍ക്കല്‍ (114), ഡെയ്ന്‍ പെയ്ഡ്റ്റ് (112) എന്നിവര്‍ മറ്റു സെഞ്ചൂറിയന്മാര്‍. മോറിസും മോര്‍ക്കലും ഓരോ ഇരകളെ കണ്ടത്തി.
















