കൊച്ചി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തുടരെ രണ്ടാം ജയം. ഗ്രൂപ്പ് ബിയില്‍ രാജസ്ഥാനെ 18 റണ്‍സിന് കീഴടക്കി കേരളം. രോഹന്‍ പ്രേമിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് (38 റണ്‍സ്, രണ്ട് വിക്കറ്റ്) കേരളത്തിന് ജയം സമ്മാനിച്ചത്. സ്‌കോര്‍: കേരളം – 129/7 (20), രാജസ്ഥാന്‍ – 111/8 (20). ആദ്യ കളിയില്‍ ജമ്മു കശ്മീരിനെയാണ് കേരളം തോല്‍പ്പിച്ചത്.
ചെറിയ സ്‌കോര്‍ കണ്ട മത്സരത്തില്‍ ബൗളര്‍മാരുടെ മികവാണ് കേരളത്തെ തുണച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129ല്‍ ഒതുങ്ങി. 35 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സറുമുള്‍പ്പെടെ 38 റണ്‍സെടുത്ത രോഹന്‍ പ്രം ടോപ് സ്‌കോറര്‍. വി.എ. ജഗദീഷ് (28), സഞ്ജു സാംസണ്‍ (25), നായകന്‍ സച്ചിന്‍ ബേബി (15) എന്നിവരും രണ്ടക്കം കണ്ടു. പേസര്‍ നാതു സിങ്ങിന്റെ നാലു വിക്കറ്റ് പ്രകടനമാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത്. നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാതു നാല് ഇരകളെ കണ്ടെത്തി. തന്‍വീര്‍ ഉള്‍ ഹഖ്, കെ. അജയ് സിങ്, പുനീത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാനെ രജത് ഭാട്ടിയ (42 നോട്ടൗട്ട്) ജയത്തിലേക്കു നയിക്കുമെന്നു കരുതിയെങ്കിലും മറ്റുള്ളവര്‍ക്ക് പിന്തുണ നല്‍കാനായില്ല. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത പി. പ്രശാന്ത് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍. രോഹന്‍ പ്രം രണ്ടും, റൈഫി, ജഗദീഷ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. പുനീത് യാദവ് (16), അങ്കിത് ലാംബ (13), മനേന്ദര്‍ സിങ് (12) എന്നിവരും രാജസ്ഥാനായി രണ്ടക്കം കണ്ടു. ഇന്ന് ത്രിപുരയ്‌ക്കെതിരെ കേരളത്തിന്റെ അടുത്ത മത്സരം.
കൊച്ചിയില്‍ ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ പഞ്ചാബ് എട്ട് വിക്കറ്റിന് ജമ്മു കശ്മീരിനെയും (സ്‌കോര്‍: ജമ്മു കശ്മീര്‍ – 105 (19.3), പഞ്ചാബ് – 108/2 (14.3)), ഝാര്‍ഖണ്ഡ് ത്രിപുരയെ ഒമ്പത് വിക്കറ്റിനും (ത്രിപുര – 146/7 (20), ഝാര്‍ഖണ്ഡ് – 150/1 (18.3)) കീഴടക്കി.
















