റിയാദ്: ഷിയാ പുരോഹിതന്‍ ഷെയ്ഖ് നിമിറിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ഇറാനിലെ സൗദി അറേബ്യന്‍ എംബസിയ്‌ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. എംബസിയിലേയ്‌ക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും എംബസിയ്‌ക്ക് തീ വയ്‌ക്കുകയും ചെയ്തു.
പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഭീകരവാദക്കുറ്റം ആരോപിച്ചാണ് ഷെയഖ് നിമ്ര് അടക്കമുള്ള 47 പേരെ സൗദി വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്. സൗദി അറേബ്യ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രക്ഷോഭകാരികളോട് ശാന്തരായിരിയ്‌ക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ന്യൂനപക്ഷമായ ഷിയകളുടെ പ്രക്ഷോഭം നയിച്ചതിനാണ് 56കാരനായ നിമിറിന് വധശിക്ഷ ലഭിച്ചത്. നിമിറിന്റെ വധശിക്ഷ നയതന്ത്ര ബന്ധം വഷളാക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
2015ല്‍ സൗദിയില്‍ മാത്രം 150ലധികം പേരുടെ വധശിക്ഷ നടന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാണല്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പിറ്റേ ദിവസമാണ് 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.
















