കൊച്ചി: ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ത്രിപുരയെ 66 റണ്‍സിന് പരാജയപ്പെടുത്തി സൗരാഷ്‌ട്രയും വിജയം നേടി. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്ര ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയുടെ അര്‍ദ്ധസെഞ്ചുറിയുടെ (57 പന്തില്‍ 7 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം 67) പിന്‍ബലത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുര 17.3 ഓവറില്‍ 78 റണ്‍സിന് ഓള്‍ ഔട്ടായി.
ടോസ് നേടിയ സൗരാഷ്‌ട്ര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 10 റണ്‍സിലെത്തിയപ്പോള്‍ ജാക്‌സനെ നഷ്ടമായെങ്കിലും പൂജാരയിലൂടെ അവര്‍ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. പൂജാരക്ക് പുറമെ ജയ്‌ദേവ് ഷാ (11), ചിരാഗ് ജനി (13), ദീപക് പൂനിയ (19), ജയ്‌ദേവ് ഉനാദ്കത് (പുറത്താകാതെ 17) എന്നിവരാണ് സൗരാഷ്‌ട്ര നിരയില്‍ രണ്ടക്കം കടന്നവര്‍. ത്രിപുരക്കായി എസ്.എസ്. മജുംദാര്‍ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുര ഇന്നിങ്‌സില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ത്രിപുര നിരയില്‍ 12 റണ്‍സ് വീതം നേടിയ ഉദിയന്‍ ബോസും എന്‍.എന്‍. സെന്നുമാണ് ടോപ് സ്‌കോറര്‍. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല. സൗരാഷ്‌ട്രക്കായി ദീപക് പൂനിയ മൂന്നും ജയദേവ് ഉനദ്കത്, ശൗരിയ സനന്‍ദിയ, കമലേഷ് മക്‌വാന എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ.ത്തി. ഇന്ന് ഉച്ചക്ക് 1ന് ത്രിപുര ഝാര്‍ഖണ്ഡുമായി കളിക്കും.
















