കണ്ണൂര്‍: നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ പഠനം മുന്‍പോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ ഒരു കൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കോളേജില്‍ നിന്നും 1990-93 കാലയളവില്‍ ബിരുദപഠനം നടത്തിയവരുടെ കൂട്ടായ്‌മയാണ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എസ്എന്‍ കോളേജില്‍ പഠിക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ പഠനചെലവുകള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി െഹല്‍പ്പിംഗ് ഹാന്റ്‌സ്-എസ്എന്‍ 93 എന്ന പേരിലാണ് സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം കോളേജിലെ 13 വിദ്യാര്‍ത്ഥികളുടെ പഠനചെലവുകളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കൂട്ടായ്‌മ 39000 രൂപ സമാഹരിച്ചു. ഈ തുക കോളേജിന് കൈമാറും. വയനാട് പേരിയ 34ല്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ 152 ആദിവാസി കുട്ടികള്‍ക്ക് ഓരോ കമ്പിളി വീതം നല്‍കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 2 മണിക്ക് എസ്എന്‍ കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഒ.പി.ധനലക്ഷ്മി ആദിവാസി കുട്ടികള്‍ക്കുള്ള കമ്പിളിവിതരണം ഉദ്ഘാടനം ചെയ്യും. പഴശ്ശിരാജ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ.അപ്പാനു നമ്പ്യാര്‍ കമ്പിളി ഏറ്റുവാങ്ങും. എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ശിവദാസന്‍ തിരുമംഗലത്ത് ഏറ്റുവാങ്ങും. കോളേജ് അദ്ധ്യാപകരായ ഡോ.രമേശ് തിരുമംഗലത്ത്, ഡോ.കെ.എം.ദേവദാസ്, ഡോ.എന്‍.സാജന്‍, പ്രൊഫ.ബി.ദീപക്, പ്രൊഫ.പി.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സംഘടനാ പ്രസിഡന്റ് സി.ലജിത്ത്, സെക്രട്ടറി ഡോ.രാജേഷ് ദേവന്‍, ശ്രീനാഥ് കക്കറക്കല്‍, ശ്രീജിത്ത് നാരായണന്‍, കെ.സി.നവീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















