ഇരിട്ടി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ പോസ്‌റ്റോഫീസ് അക്കൗണ്ട് വഴി ആക്കിയതോടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പരാതികളും പരിഹരിക്കുന്നതിനായി ഇതു വഴി വേണമെന്ന് ഇനി ഗുണ ഭോക്തക്കള്‍ക്ക് തീരുമാനിക്കാം. അതിനായുള്ള അപേക്ഷകള്‍ ഗുണഭോക്താക്കള്‍ അതാതിടങ്ങളില്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖയോ ബാങ്ക് പാസ് ബുക്കോ സഹിതം എത്തി നല്‍കണം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി തീയതി ജനുവരി 15ആണ്. പോസ്‌റ്റോഫീസ് അക്കൗണ്ട് വഴി വേണമോ, ബാങ്ക് അക്കൗണ്ട് വഴി വേണമോ എന്ന് ഗുണഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അതതു പഞ്ചായത്ത് അധികൃതര്‍ ഗുണഭോക്താക്കളെ ഈ വിവരം അറിയിച്ചു തുടങ്ങിയിട്ടുണ്ട്.
മുന്‍പ് പോസ്റ്റ്മാന്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ അക്കൗണ്ട് വഴി ആക്കിയതോടെ നിരവധി പ്രശ്‌നങ്ങളും പരാതികളുമാണ് ഉയര്‍ന്നു വന്നത്. കൃത്യമായ രീതിയില്‍ പെന്‍ഷനുകള്‍ കിട്ടാതയതും വികലാംഗരും, വൃദ്ധരും രോഗികളുമായവര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നതും പലരും തളര്‍ന്നുവീണതും മറ്റും ഒട്ടേറെ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. പരാതികള്‍ കുന്നു കൂടിയതോടെയാണ് അധികൃതര്‍ ഈ രീതിമാറ്റി ഗുണഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നവും ഏറെ പരാതിക്ക് കാരണമായിരിക്കുകയാണ്. വൃദ്ധരും രോഗികളും വികലാംഗരും അടക്കമുള്ള ഗുണഭോക്താക്കള്‍ വീണ്ടും തങ്ങളുടെ തിരിച്ചറിയല്‍ രേഖയുമായി ഈ ദിവസത്തിനുള്ളില്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ സംജാതമായിരിക്കയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
















