തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടത്താന്‍ തീരുമാനമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്.
ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള. ഫെബ്രുവരിയില്‍ നടത്താനാണ് ആദ്യം തീരുമനിച്ചിരുന്നത്. എന്നാല്‍ എസ്‌എസ്‌എല്‍സി പരീക്ഷയും തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് മത്സരം ജനുവരിയിലേക്ക് മാറ്റിയത്. മഹാരാഷ്‌ട്രയില്‍ വച്ച് മത്സരങ്ങള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരം വെവ്വേറെ നടത്തണമെന്ന മഹാരാഷ്‌ട്രയുടെ ആവശ്യം വിവാദമായതോടെ മഹാരാഷ്‌ട്ര ഇതില്‍ നിന്ന് പിന്മാറി.
കായികമേള ഏറ്റെടുക്കാന്‍ കേരളം സജ്ജമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അടുത്തിടെ മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒളിമ്പ്യന്‍ അബ്ദു റഹിമാന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കാണ് കോഴിക്കോടിന് കരുത്താകുന്നത്. താമസം അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അഞ്ജു ബോബി ജോര്‍ജ് അറിയിച്ചു.
















