ഹാമില്‍ട്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന്. രണ്ടാം മത്സരം അഞ്ചു വിക്കറ്റിന് ജയിച്ച് കിവികള്‍ 2-0ന് പരമ്പര സ്വന്തമാക്കി. ജയിക്കാന്‍ 189 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡ് കെയ്ന്‍ വില്യംസണിന്റെ (108 നോട്ടൗട്ട്) സെഞ്ചുറിയിലൂടെ അനായാസം ജയം കണ്ടു. കളിയിലെ താരവും വില്യംസണ്‍. സ്‌കോര്‍: ശ്രീലങ്ക – 292, 133, ന്യൂസിലന്‍ഡ് – 237, 189/5.
അഞ്ചിന് 142 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടര്‍ന്ന ന്യൂസിലന്‍ഡ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം നേടി. 164 പന്തില്‍ 12 ഫോറും ഒരു സിക്‌സറുമുള്‍പ്പെടെ കരിയറിലെ 13ാം സെഞ്ചുറി വില്യംസണ്‍ പേരിലാക്കി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന കിവി ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും താരത്തിന്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി.ജെ. വാട്‌ലിങ്ങും (13) പുറത്താകാതെ നിന്നു. നാലു വിക്കറ്റെടുത്ത ദുഷ്മന്ത ചമീരയാണ് രണ്ടാം ഇന്നിങ്‌സിലും കിവികളെ പരീക്ഷിച്ചത്. ചമീര നാലു വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് 122 റണ്‍സിന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.
















