മഡ്ഗാവ്: ഐഎസ്എല്‍ ചെന്നൈയിന്‍ എഫ്‌സിയുടെ നായകന്‍ എലാനോ ബ്ലൂമര്‍ പോലീസ് കസ്റ്റഡിയിലായി. ഗോവന്‍ എഫ്‌സിയുടെ സഹഉടമ ഡത്തരാജ് സാല്‍ഗോക്കറെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് എലാനോയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത എലാനോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപോരാട്ടത്തില്‍ ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു. ഇതിനുശേഷം ഗോവയിലെ ഫത്തോര്‍ഡയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ എലാനോ മര്‍ദ്ദിച്ചെന്നാണ് ഡത്തരാജിന്റെ പരാതി. ആഘോഷപ്രകടനങ്ങള്‍ക്കിടെ ഗോവന്‍ താരങ്ങളെ അധിക്ഷേപിച്ച എലാനോയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മര്‍ദ്ദനമേറ്റതെന്നാണ് പരാതിയില്‍ പറയുന്നത്. ഡത്തരാജിന്റെ പരാതിയിലായിരുന്നു നടപടിയെന്നും മഡ്ഗാവ് പോലീസ് അറിയിച്ചു.
എന്നാല്‍ ഇതു കെട്ടിച്ചമച്ച കേസാണെന്ന് എലാനോയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
















