ഫറ്റോര്‍ദ: അവസാന മിനിറ്റുകളില്‍ വീണ മൂന്നു ഗോള്‍ വിധി നിര്‍ണയിച്ചു. പെനല്‍റ്റി തടുത്തിട്ട് ഹീറോയായ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി അവസാനം വില്ലന്റെ വേഷമണിഞ്ഞപ്പോള്‍ ഐഎസ്എല്‍ രണ്ടാം സീസണിലെ കിരീടം ചെന്നൈയിന്‍ എഫ്‌സിക്ക്. ഫറ്റോര്‍ദയിലെ കാണികള്‍ക്കു മുന്നില്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ ഗോളില്‍ 3-2ന് എഫ്‌സി ഗോവയെ കീഴടക്കി കിരീടം ചെന്നൈയിന്‍ എഫ്‌സി സ്വന്തമാക്കി. വെള്ളപ്പൊക്ക ദുരന്തം സമ്മാനിച്ച യാതനകള്‍ക്ക് ചെന്നൈയിന്റെ സമ്മാനം. ജേതാക്കള്‍ക്കായി ബ്രൂണൊ പെലിസറിയും സ്റ്റീവന്‍ മെന്‍ഡോസയും സ്‌കോര്‍ ചെയ്തപ്പോള്‍ കട്ടിമണിയുടെ സെല്‍ഫ് ഗോളും അവരുടെ അക്കൗണ്ടില്‍. ഹാവോകിപ്പും ജോഫ്രിയും ഗോവയുടെ സ്‌കോറര്‍മാര്‍.
എണ്‍പത്തിയാറ് മിനിറ്റ് വരെ 1-1ന് നിന്ന മത്സരമാണ് അവസാന നിമിഷത്തെ കൂട്ടപ്പൊരിച്ചിലില്‍ ചെന്നൈയിന്‍ സ്വന്തമാക്കിയത്. 87ാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ജോഫ്രി ഗോവയെ മുന്നിലെത്തിച്ചു (2-1). ജയമെന്നുറപ്പിച്ച സീക്കോയ്‌ക്കും നാട്ടുകാര്‍ക്കും ലക്ഷ്മികാന്ത് കട്ടിമണി വില്ലനായി. മെഹ്‌റൂദ്ദീന്‍ വാജു തട്ടിയിട്ട പന്ത് തട്ടിത്തെറിപ്പിക്കാനുള്ള കട്ടിമണിയുടെ ശ്രമം പിഴച്ചു.
പന്ത് സ്വന്തം വലയുടെ പിന്‍ നെറ്റില്‍ (2-2). അവസാന മിനിറ്റ് ഗോളിന്റെ നിരാശ ഗോവയെ ശരിക്കും ഞെട്ടിച്ചു. അതിന്റെ ഫലവും അടുത്ത മിനിറ്റില്‍ കണ്ടു. ജയേഷ് റാണ ബോക്‌സിലേക്ക് ഉയര്‍ത്തിയ നല്‍കിയ പന്ത് അര്‍നോലിനെയും ലൂസിയോയെയും കബളിപ്പിച്ച് വലയിലേക്ക് തൊടുത്തു മെന്‍ഡോസ. പന്ത് കട്ടിമണിയുടെ കൈയില്‍ തട്ടിയെങ്കിലും വലയില്‍ ഭദ്രം (3-2). ലീഗിലെ ടോപ് സ്‌കോററായ മെന്‍ഡോസയുടെ 13ാം ഗോളാണിത്. ടോപ് സ്‌കോറര്‍ പട്ടവും മെന്‍ഡോസയ്‌ക്ക്. ചെന്നൈയിന്‍ ഗോളി ഏദലിന് ഗോള്‍ഡണ്‍ ഗ്ലൗ പുരസ്‌കാരം.
അറുപത്തിരണ്ടാം മിനിറ്റിലാണ് മെന്‍ഡോസുടെ പെനല്‍റ്റി കിക്ക് തടുത്തിട്ട് കട്ടിമണി ഹീറോയായത്. ഒടുവില്‍ മെന്‍ഡോസ തന്നെ ഗോള്‍കീപ്പറെ വില്ലനുമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 54ാം മിനിറ്റില്‍ ബ്രൂണൊ പെലിസാറി ചെന്നൈയിനെ മുന്നിലെത്തിച്ചു. മെന്‍ഡോസയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനല്‍റ്റി പെലിസാറിയെടുത്തത് കട്ടിമണി തടുത്തെങ്കിലും റീബൗണ്ട് വലയിലെത്തിച്ച് ലീഡ് നല്‍കി പെലിസാറി. നാലു മിനിറ്റിനു ശേഷം തോങ്‌ഹോസെയ്ം ഹാവോകിപ് ഗോവയെ ഒപ്പമെത്തിച്ചു. തുടര്‍ന്നാണ് മെന്‍ഡോസയും കട്ടിമണിയും വിധി നിര്‍ണയിച്ചത്.
3-5-2 ശൈലിയില്‍ ഡുഡുവിനെയും റാഫേല്‍ കൊയ്‌ലൊയെയും മുന്നേറ്റത്തിലിറക്കിയാണ് സീക്കോ ഗോവയെ അണിനിരത്തിയത്. ലൂസിയോ നേതൃത്വം നല്‍കിയ പ്രതിരോധത്തില്‍ ഗ്രിഗറി അര്‍നോലിനും, ഹാല്‍ദറും സഹായികളായി. മൗറ, ജോഫ്രി, ബിക്രംജിത് എന്നിവര്‍ മധ്യനിരയിലും മന്ദര്‍ റാവു ദേശായിയും റോമിയോ ഫെര്‍ണാണ്ടസും വിങ്ങുകളിലൂടെയുമുള്ള മധ്യനിരക്കാരായും സീക്കോ അണിനിരത്തി. ബാറിനു കീഴില്‍ കട്ടിമണിയും എത്തി.
മെന്‍ഡോസ, പെലിസാറി, ജെജെ ലാല്‍പെഖുല എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തി പരമ്പരാഗതമായ 4-3-3 ശൈലിയാണ് ചെന്നൈയിനായി മറ്റരാസി ഒരുക്കിയത്. ഹര്‍മന്‍ജ്യോത് ഖബ്ര, മാനുവല്‍ ബ്ലാസി, തോയ് സിങ് എന്നിവര്‍ മധ്യനിരയിലും, ധന, മെന്‍ഡി, മെയ്ല്‍സണ്‍, വാദു എന്നിവര്‍ പ്രതിരോധത്തിലും അണിനിരന്നു. ഏദല്‍ വലയ്‌ക്കു കാവലാളായി.
















