ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം പതിപ്പിന് ഇന്ന് ഗോവയിലെ ഫറ്റോര്‍ദ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കൊടിയിറക്കം. പുതിയ അവകാശികളെ നല്‍കിയാകും ഇന്ത്യന്‍ ഫുട്‌ബോളിനെ ഊര്‍ജ്ജസ്വലമാക്കിയ ഐഎസ്എല്ലിന് ഇത്തവണ കലാശക്കൊട്ട്. തുടരെ രണ്ടാം സീസണിലും മികച്ച പ്രകടനം നടത്തിയ രണ്ടു ടീമുകള്‍ ആദ്യ കിരീടം തേടി പന്തു തട്ടാനിറങ്ങുന്നു, ഗോവ എഫ്‌സിയും, ചെന്നൈയിന്‍ എഫ്‌സിയും. ആദ്യ വട്ടത്തില്‍ അവസാന നാലിലിടം കണ്ട്, സെമിയില്‍ മടങ്ങിയ ടീമുകള്‍ക്ക് കരുത്തു തെളിയിച്ചേ മതിയാകു.
ലോക ഫുട്‌ബോളിലെ പ്രതാപികളായിരുന്ന രണ്ട് താരങ്ങളാണ് ഈ ടീമുകളെ അണിയിച്ചൊരുക്കുന്നത്. സീക്കോയെന്ന ബ്രസീലിയന്‍ മധ്യനിരക്കാരന്‍ ഗോവയെ സജ്ജമാക്കുമ്പോള്‍, മാര്‍ക്കോ മറ്റരാസിയെന്ന ഇറ്റാലിയന്‍ പ്രതിരോധ ഭടന്‍ ചെന്നൈയിന്റെ ബലം. പ്രാഥമിക ഘട്ടത്തിലെ കണക്കുകളോ ആതിഥേയരെന്ന മികവോയെന്നും ഫൈനലിനെ ബാധിക്കില്ല. ആദ്യ റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയറിഞ്ഞു ഇരു ടീമുകളും.
ചെന്നൈയിന്‍ ഫ്‌റ്റോര്‍ദയില്‍ ഗോവയെ 4-0ന് തുരത്തിയപ്പോള്‍, ചെന്നൈയില്‍ ഗോവ 2-0ന് മറുപടി നല്‍കി. എങ്കിലും ആതിഥേയരെന്ന നേരിയ മുന്‍തൂക്കം ഗോവയ്‌ക്ക് സമ്മാനിക്കാം.
പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി ഗോവയുടെ മുന്നേറ്റം. 14 കളികളില്‍ ഏഴില്‍ ജയം. ചെന്നൈയിന്‍ എഫ്‌സിയാകട്ടെ മൂന്നാം സ്ഥാനക്കാരായി സെമിയില്‍. സെമിയില്‍ ഗോവ ഇരുപാദങ്ങളിലുമായി ദല്‍ഹി ഡൈനാമോസിനെ 3-1നും, ചെന്നൈയിന്‍ നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ഇരുപാദങ്ങളിലുമായി 4-2നും കീഴടക്കി. ആദ്യ പാദം തോറ്റ ശേഷമാണ് ഗോവ മുന്നേറിയതെങ്കില്‍, ആദ്യ പാദത്തിലെ മികവാണ് ചെന്നൈയിനെ തുണച്ചത്.
സീക്കോയെന്ന തന്ത്രജ്ഞനാണ് ഗോവയുടെ ചാലകശക്തി. ആക്രമണ ഫുട്‌ബോളിലൂടെ അവരെ മുന്നോട്ടു നയിച്ചു സീക്കോ. ഇതുവരെ 32 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ച് ശിഷ്യര്‍ അതിനു സാധൂകരണവും നല്‍കി. ബ്രസീലിന്റെ ലോകകപ്പ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ് വിജയങ്ങളില്‍ പങ്കാളിയായ ലൂസിയോയാണ് ഗോവയെ നയിക്കുന്നത്. പ്രതിരോധത്തില്‍ ലൂസിയോയുടെ മികവ് അവരെ തുണയ്‌ക്കുന്നുമുണ്ട്. ലൂസിയാനോ സംബ്രോസ, ഗ്രിഗറി അര്‍നോലിന്‍, ദേബബ്രത റോയ് തുടങ്ങിയവര്‍ പ്രതിരോധത്തില്‍ ലൂസിയോയ്‌ക്ക് തുണ.
മധ്യനിരയും മുന്നേറ്റവും തമ്മിലുള്ള ഒത്തിണക്കമാണ് ഗോവയുടെ മറ്റൊരു പ്ലസ്. ജോഫ്രി, മാത്യു ഗൊണ്‍സാലസ്, ജൊനാഥന്‍ ലൂക്ക, ലിയനാര്‍ഡൊ മൗറ, മന്ദര്‍ റാവു ദേശായി, മലയാളിയായ ഡെന്‍സണ്‍ ദേവദാസ്, ബിക്രംജിത് സിങ് തുടങ്ങിയവര്‍ മധ്യനിരയെ ചലനാത്കമാക്കുന്നു. റെയ്‌നാള്‍ഡോയെന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ മികവാണ് ഗോവന്‍ മുന്നേറ്റത്തെ ഏറെ അപകടകാരികളാക്കുന്നത്. വിക്റ്ററിനോ ഫെര്‍ണാണ്ടസ്, ഡുഡു ഒമഗബെമി, മലയാളി താരം സി.എസ്. സബീത്ത് തുടങ്ങിയവരും റെയ്‌നാള്‍ഡൊയ്‌ക്ക് തുണ.
ആക്രമണവും പ്രതിരോധവും സമം ചേര്‍ത്ത് ടീമിനെ വിന്യസിക്കാന്‍ മറ്റരാസിക്കായി. അതിനു ഫലവും ലഭിച്ചു. ആദ്യ സീണസില്‍ ടീമിന്റെ പരിശീലകനും മാര്‍ക്വീ താരവുമായാണ് മറ്റരാസി എത്തിയതെങ്കില്‍, ഇത്തവണ പരിശീലകന്റെ മാത്രം വേഷമണിഞ്ഞു ഇദ്ദേഹം. കഴിഞ്ഞ തവണ എലാനോയായിരുന്നു സൂപ്പര്‍ താരം. ഇത്തവണ മാര്‍ക്വീ താരമായി എലാനോയെ നിലനിര്‍ത്തി. എന്നാല്‍, ഗോളടിക്കാന്‍ കൊളംബിയയില്‍ നിന്ന് സ്റ്റീവന്‍ മെന്‍ഡോസയെ കൊണ്ടുവന്നു. രണ്ട് ഹാട്രിക്കുകളുള്‍പ്പെടെ 12 ഗോളുമായി മെന്‍ഡോസ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിച്ചു. 11 ഗോളുമായി രണ്ടാമതുള്ള കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന് ഇനി കളിയില്ല. പിന്നെയുള്ളത് ഗോവയുടെ റെയ്‌നാള്‍ഡൊ. എന്നാല്‍, ഏഴു ഗോളുള്ള റെയ്‌നാള്‍ഡൊയ്‌ക്ക് മുന്നിലെത്താന്‍ ഗോളടിച്ചു കൂട്ടണം.
മെന്‍ഡോസയ്‌ക്കൊപ്പം ഫിക്രു ടഫേരെ, ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ് തുടങ്ങിയവര്‍ അണിചേരുമ്പോള്‍ മുന്നേറ്റം ഭദ്രം. മെന്‍ഡോസയും ഫിക്രുവമാകും ആദ്യ ഇലവനില്‍ ഇറങ്ങുക. എലാനോയെ തുണയ്‌ക്കാന്‍ മധ്യനിരയില്‍ ബ്രൂണൊ പെലിസാറി, മെഹര്‍ജുദ്ദീന്‍ വാദൂ, ഗോഡ് വിന്‍ ഫ്രാങ്കോ, ഹര്‍മന്‍ജോത് ഖബ്ര, മലയാളി താരം എം.പി. സക്കീര്‍ തുടങ്ങിയവരുണ്ട്. സക്കീര്‍ പകരക്കാരന്റെ റോളിലാകും ബൂട്ടണിയുക. ബെര്‍ണാഡ് മെന്‍ഡി, അലെസാന്ദ്രൊ പൊടെന്‍സ, ഏദര്‍ ഫെര്‍ണാണ്ടസ് എന്നീ വിദേശികളടങ്ങുന്ന പ്രതിരോധവും ശക്തം. വിദേശ, ഇന്ത്യന്‍ താരങ്ങളുടെ മികച്ച സംയോജനത്തിലൂടെയാണ് മറ്റരാസി ചെന്നൈയിനെ ഫൈനല്‍ വരെയെത്തിച്ചത്.
കളി ആരു ജയിച്ചാലും ഒരു ബ്രസീലിയനാകും കപ്പ് ഏറ്റുവാങ്ങുക. നായകരായ ലൂസിയോയും എലാനോയും ബ്രസീലില്‍ നിന്നുള്ളവര്‍. ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചവര്‍. കളിക്കളത്തിലെ തീപിടിപ്പിക്കുന്ന കലാശക്കളിക്ക് കാത്തിരിക്കുന്നു ആരാധകര്‍.
















