മുക്കം : മാലിന്യ നിക്ഷേപവും മണലൂറ്റും മൂലം നാശം നേരിടുന്ന ഇരുവഞ്ഞിപുഴയെ സംരക്ഷിക്കാന്‍ മുക്കം എം .എ എം.ഒ.കോളേജ് എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങുന്നു.ഈ മാസം 19 മുതല്‍ കൊടിയത്തൂര്‍ പി.ടി.എം സ്‌കൂളില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ പുഴ ശുചീകരണത്തിനുംസംരക്ഷണത്തിനും പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. മുക്കം കടവ് പാലം മുതല്‍കൂളിമാട് കടവ് വരെയുളള പുഴയോരത്തെ ആയിരത്തോളം വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം ,ജാഗ്രത സമിതി രൂപീകരണം, കുടിവെള്ള പരിശോധന, കരയിടിച്ചില്‍ തടയുന്നതിനായി മുള (ഈറ്റ ) വെച്ചുപിടിപ്പിക്കല്‍, സര്‍വ്വേ, ബോധവല്‍ക്കരണ ബോര്‍ഡ് സ്ഥാപിക്കല്‍, ശൗചാലയ നിര്‍മ്മാണം, എന്നിവയ്‌ക്കൊപ്പം മുക്കം കടവ് മുതല്‍കൂളിമാട്കടവ് വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി നടത്തിപ്പിനായി കൊടിയത്തൂര്‍, ചേന്ദമംഗല്ലൂര്‍, കൂളിമാട്, കഴുത്തുട്ടി പുറായ്, പാഴൂര്‍, കച്ചേരി. കക്കാട്, ചോണാട് മുക്കം എന്നിവിടങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്ന് കര്‍മസമിതികള്‍ രൂപീകരിച്ചു. പ്രോഗ്രാം ഓഫീസര്‍ എ.കെ.മുജീബ് റഹ്മാന്‍, കോഡിനേറ്റര്‍ റസാഖ് കൊടിയത്തൂര്‍, വി.ജാഫര്‍ ,ഡോ ടി. സി. സൈമണ്‍, ലുഖ്മാന്‍, ശാറൂഖ് അസ്ലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















