കൊച്ചി: ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരാണ് രാജ്യത്തിന്റെ വിഭവങ്ങളുടെ 49 ശതമാനവും കൈകാര്യം ചെയ്യുന്നത് പാര്‍ലമെന്റിലെ 80 ശതമാനത്തിലേറെ അംഗങ്ങളും കോടീശ്വരന്മാരാണെന്ന് അവര്‍ തന്നെ പ്രഖ്യാപിക്കുന്ന സത്യവാങ്മൂലത്തില്‍ കാണുന്നു. ഇന്ത്യയിലെ സാമ്പത്തിക അസമത്വം എല്ലാ മേഖലകളിലും വര്‍ദ്ധിച്ചു വരുകയും സമസ്ത മേഖലകളും അതിസമ്പന്നരുടെ താത്പര്യങ്ങള്‍ക്കു വഴങ്ങികൊടുക്കുകയും ചെയ്യുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ പി. സായ്‌നാഥ് അഭിപ്രായപ്പെട്ടു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് സംഘടിപ്പിച്ച ചാവറ എക്‌സലന്‍സ് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍സ് ലക്ചര്‍ സീരീസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാകളക്ടര്‍ എം.ജി. രാജമാണിക്യം അദ്ധ്യക്ഷനായിരുന്നു.
ഇന്ത്യയിലെ ആദിവാസിമേഖലയിലെ കുട്ടികള്‍ ഉച്ചഭക്ഷണത്തിനുവേണ്ടി മാത്രമാണ് സ്‌കൂളുകളെ ആശ്രയിക്കുന്നത്. അതേ സമയം മെട്രോ നഗരങ്ങളിലെ അതിസമ്പന്നരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലങ്ങളില്‍ വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് മത്സരംതന്നെ നടക്കുകയാണ്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മത്സരിക്കുന്ന നമ്മള്‍ കാര്‍ഷിക ആത്മഹത്യ നടക്കുമ്പോഴോ സാധാരണക്കാരന്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോഴോ പട്ടിണിമരണങ്ങള്‍ ഉണ്ടാകുമ്പോഴോ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്‌ക്കാപ്പിള്ളി, സി.എം.ഐ. സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോസ് കുറിയേടത്ത്, സ്റ്റാഫ് സെക്രട്ടറി സിബി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
















