ഡ്യൂന്ഡെന്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയപ്രതീക്ഷ. ലങ്കയ്ക്ക് 405 റണ്‍സ് ലക്ഷ്യം വച്ചു നീട്ടിയ കിവികള്‍ 109 റണ്‍സെടുക്കുന്നതിനിടെ അവരുടെ മൂന്നു വിക്കറ്റുകള്‍ പിഴുതു. സ്കോര്‍: ന്യൂസിലന്‍ഡ് – 431, 267/3 ഡിക്ല., ശ്രീലങ്ക – 294, 109/3.
ഓപ്പണര്‍ ടോം ലാഥത്തിന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുടെ കരുത്തില്‍ രണ്ടാമിന്നിങ്സില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി 267 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ന്യൂസിലന്‍ഡ് 405 റണ്‍സിന്റെ വന്‍ ലക്ഷ്യമാണ് മുന്നോട്ടു വച്ചത്.
180 പന്തില്‍ എട്ട് ബൗണ്ടറികളോടെ പുറത്താകാതെ 109 റണ്‍സെടുത്തു ലാഥം. കെയ്ന്‍ വില്യംസണിന്റെ (71) അര്‍ധശതകവും ആതിഥേയരുടെ റണ്‍വേട്ടയ്ക്ക് തുണയായി. വീണ വിക്കറ്റുകളില്‍ രണ്ടെണ്ണം രംഗന ഹെറാത്ത് സ്വന്തമാക്കി.
നാലാം ദിവസം തന്നെ ലങ്കയെ പ്രതിസന്ധിയിലാക്കാമെന്ന കിവികളുടെ പ്രതീക്ഷയില്‍ മഴ കോരിച്ചൊരിഞ്ഞു. ഓപ്പണര്‍മാര്‍ കുശാല്‍ മെന്‍ഡിസും (46), ദിമുത് കരുണരത്നയും (29) ചെറുത്തതും ന്യൂസിലന്‍ഡിന് തിരിച്ചടിയായി. രണ്ട് ഓപ്പണര്‍മാരെയും മടക്കി ടിം സൗതി ആതിഥേയരെ തിരികെയെത്തിച്ചു. ദിനേശ് ചണ്ഡിമലിലാണ് (31 നോട്ടൗട്ട്) ഇനി സന്ദര്‍ശകരുടെ പ്രതീക്ഷ. നായകന് ഏയ്ഞ്ചലോ മാത്യൂസും ബാറ്റിങ്ങിനിറങ്ങാനുണ്ട്.
















