ന്യൂദല്‍ഹി: ഐഎസ്എല്‍ രണ്ടാം സീസണിന്റെ ആദ്യ സെമിയില്‍ ദല്‍ഹി ഡൈനാമോസിന് വിജയം. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദല്‍ഹി ഗോവ എഫ്സിക്കെതിരെ വിജയം സ്വന്തമാക്കിയത്. കളിയുടെ 43-ാം മിനിറ്റില്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ റോബിന്സിങാണ് വിജയഗോള്‍ നേടിയത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ദല്‍ഹിയായിരുന്നെങ്കിലും സ്ട്രൈക്കര്‍മാരുടെ പിഴവിനെ തുടര്‍ന്നാണ് മികച്ച വിജയം നേടുന്നതില്‍ തടഞ്ഞത്.
കൡയുടെ തുടക്കം മുതല്‍ ആക്രമണം നടത്തിയത് ഡൈനാമോസ് താരങ്ങളായിരുന്നു. ഡോസ് സാന്റോസും മലൂദയും ആദില്‍ നബിയും റോബിന്സിങും മാമയും മികച്ച പരസ്പരധാരണയോടെ പന്തുതട്ടിയതോടെ ഗോവന്‍ പ്രതിരോധത്തിന് പിടിപ്പതു പണിയായി. എന്നാല്‍ ഗോവന്‍ മുന്നേറ്റനിരയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ലിയോ മൗറയുടെയും ജോഫ്രെയും നേതൃത്വത്തില്‍ അവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയതോടെ മത്സരം ആവേശത്തിലേക്ക് ഉയരുകയും ചെയ്തു. 12-ാം മിനിറ്റില്‍ ഗോവക്ക് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും ജോഫ്രെയുടെ ക്രോസ് സബീത്ത് തലവെച്ചത് ക്രോസ് ബാറിന് പുറത്തുപോയി.
18-ാം മിനിറ്റില്‍ ജോഫ്രെ സുന്ദരമായ നീക്കത്തിനൊടുവില്‍ റെയ്നാള്‍ഡോക്ക് പന്ത് പാസ് നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 21-ാം മിനിറ്റില്‍ ദല്‍ഹിയുടെ സെഹ്നാജ് നല്കിയ ക്രോസ് കണക്ട് ചെയ്യാന്‍ റോബിന്സിംഗിനും കഴിഞ്ഞില്ല. 41-ാം മിനിറ്റില്‍ ഡോസ് സാന്റോസിന്റെ ഷോട്ടും പുറത്ത്. രണ്ട് മിനിറ്റിനുശേഷം ദല്‍ഹി ലീഡ് നേടി. ഡോസ് സാന്റോസ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് ചികാവോക്ക്. ചികാവോ അളന്നുമുറിച്ചുനല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റോബിന്‍സിംഗ് വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 1-0ന് ദല്‍ഹിക്ക് സ്വന്തം.
രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ഗോവയുടെ സി.എസ്. സബീത്ത് സമനില നേടാനുള്ള അവസരം തുലച്ചു. പിന്നീട് 73-ാം മിനിറ്റില്‍ തൊട്ടുപിന്നാലെ ദല്‍ഹിക്ക് അവസരം ലഭിച്ചെങ്കിലും മലൂദയുടെ ഷോട്ട് പുറത്ത്. തൊട്ടുപിന്നാലെ ഗോവക്ക് സമനില പാലിക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ലിയോ മൗറയുടെ ഷോട്ട് ഗോളി ഡൊബ്ലാസ് രക്ഷപ്പെടുത്തി. ആദ്യം പന്ത് ഡൊബ്ലാസിന്റെ കൈയില്‍ നിന്ന് വഴുതിയെങ്കിലും സബീത്തിന് കിട്ടുന്നതിന് മുന്‍പ് വീണ്ടും ഡൊബ്ലാസ് പിടിച്ചെടുത്ത് അപകടം ഒഴിവാക്കി. 84-ാം മിനിറ്റില്‍ പ്രൊണോയ്, ലൂസിയോ എന്നിവരെ മറികടന്ന് മുന്നേറിയ ശേഷം ഡോസ് സാന്റോസ് പായിച്ച തകര്‍പ്പന്‍ ഷോട്ട് ഗോവന്‍ ഗോളി കാട്ടിമാണി അത്യുജ്ജ്വലമായി രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ ഗോവക്ക് അവസരം ലഭിച്ചെങ്കിലും റാഫേയല് കൊയല്ഹോയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ഇഞ്ചുറി സമയത്തും ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ദല്‍ഹിക്കും സമനില ഗോള്‍ നേടാന്‍ എഫ്സി ഗോവക്കും കഴിഞ്ഞില്ല. ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ 15ന് ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.
















