കൊച്ചി: സാഫ് കപ്പ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്ന് കോച്ച് സ്റ്റീവന്‍ കോണ്സ്റ്റന്റൈന്. കൊച്ചിയില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്. ഐഎസ്എല്‍, ഐ ലീഗ് എന്നീ ടീമുകളിലുള്ള താരങ്ങള്‍ക്കൊപ്പം ആര്‍മി താരത്തെയും കോളേജ് വിദ്യാര്‍ത്ഥിയെയും വരെ ഉള്‍പ്പെടുത്തിയാണ് 40 അംഗ ടീമിനെ തെരഞ്ഞെടുത്തിട്ടുള്ളത്. സാഫ് കപ്പിനപ്പുറം ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെ മുന്‍നിര്‍ത്തിയാണ് 40 അംഗങ്ങളെ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
യുവതാരങ്ങള്‍ക്കാണ് പ്രധാനമായും അവസരം നല്‍കിയിട്ടുള്ളത്. ഐഎസ്എല്‍, ഐ ലീഗ് ഉള്‍പ്പെടെ വലിയ മത്സരങ്ങളില്‍ നിന്നുള്ളവരെ മാത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്. കാമ്പസുകളില്‍ നിന്നും ആര്‍മിയില്‍ നിന്നും ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അണ്ടര്‍ 19 എലൈറ്റ് പാനലില്‍ നിന്നുള്ള കളിക്കാരും ക്യാമ്പിലുണ്ട്. അതേസമയം പരിചയസമ്പന്നരും ടീമിലുണ്ട്. ഊര്‍ജസ്വലരായ യുവാക്കളുടെ സംഘമായിരിക്കണം ഇന്ത്യന്‍ ടീം. അണ്ടര്‍ 17, 19 കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം നടത്തുന്നവരെ കണ്ടത്തെിയാണ് നാളെയുടെ താരങ്ങളായി വളര്‍ത്തേണ്ടത്. ഇപ്പോഴത്തെ അവരുടെ പ്രകടനമല്ല അതിന് മാനദണ്ഡം.
കളിക്കാരുടെ താല്പര്യം, അര്‍പ്പണബോധം, അച്ചടക്കം, മികവ് എന്നിവ വളര്‍ത്തുന്നതിനൊപ്പം ഭാവിയില്‍ അവര്‍ക്ക് എന്ത് നല്‍കാനാകുമെന്ന് കണ്ടത്തെുകയാണ് പ്രധാനം. അതില്‍ ഭാഷാ, വര്‍ണ്ണ വ്യത്യാസമില്ല. ഇന്ത്യക്കാര്‍ എന്ന ലേബിലാണ് കളിക്കാരെ പരിശീലിപ്പിക്കുന്നത്. എല്ലാ പ്രായക്കാരേയും ടീമിലേക്ക് പരിഗണിക്കണം. ജര്‍മനി, സ്പെയിന്. ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച ടീമുകളെ ഇറക്കുന്നത് അവരുടെ രാജ്യത്തുള്ളവരെ മാത്രം ഉള്‍പ്പെടുത്തിയല്ല. വിദേശികളായ നിരവധി പേര് ഓരോ രാജ്യത്തിനു വേണ്ടിയും കളിക്കുന്നുണ്ട്. ബ്രസീലിന് വേണ്ടി കളി തുടങ്ങി നിലവിലെ സ്പാനിഷ് ടീമില്‍ അംഗമായ ഡിഗോ കോസ്റ്റ ഉള്‍പ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് കോണ്സ്റ്റന്റൈന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യക്കു വേണ്ടി ഇന്ത്യക്കാര്‍ മാത്രമേ കളിക്കുന്നുള്ളു എന്നതാണ് വ്യത്യാസം.
മത്സരക്ഷമത വളര്‍ത്തി ടീമിനെയും കളിക്കാരെയും കൂടുതല്‍ പ്രൊഫഷണലാക്കുകയാണ് ലക്ഷ്യം. ഇതിന് ചിട്ടയായ മത്സരങ്ങളും പരിശീലനങ്ങളും ഉണ്ടാകണം. മത്സരപ്രാധാന്യമുള്ള ലീഗ് മത്സരങ്ങളുണ്ടാകണം. രാജ്യാന്തരതലത്തില്‍ ഫുട്ബോളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് തിരിച്ചടിയുണ്ടാവുമെന്നും കോണ്സ്റ്റന്റൈന് പറഞ്ഞു.
അതേസമയം സാഫ് കപ്പില്‍ ഇന്ത്യ ഫേവറിറ്റുകളല്ലെന്ന് പറഞ്ഞ കോണ്സ്റ്റന്റൈന് അഫ്ഘാനിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ ടീമുകള്‍ മികച്ചതാണെന്നും അതിനാല്‍ കടുത്ത മത്സരമായിരിക്കും ഇന്ത്യക്ക് കളിക്കേണ്ടിവരികയെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമില്‍ വിശ്വാസമുണ്ട്. പുതിയ ദേശീയ ടീമിനെ കണ്ടത്തൊനുള്ള അവസരം കൂടിയാകും ഇതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.എ. മത്തേര്‍, ക്യാമ്പിലെ മലയാളി താരവും ആര്‍മി ഇലവന് അംഗവുമായ ജെയ്ന്‍ പുഞ്ചക്കാടന്‍, മിസോറാം താരം നികോ മിസോളയും എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















