ആലപ്പുഴ: കേരളത്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രാഗണ്‍ ബോട്ടുകള്‍ കര്‍ണാടകത്തിന് നല്കി. മലയാളി താരങ്ങള്‍ പരിശീലനം നടത്തുന്നത് വാടകയ്ക്കെടുത്ത ബോട്ടുകളില്‍. ഈ മാസം 16 മുതല്‍ 19 വരെ ആസാമില്‍ നടക്കുന്ന ദേശീയ ഡ്രാഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കാണ് ഈ ദുരവസ്ഥ.
സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി സ്പോര്‍ട്സ് കൗണ്‍സില്‍ പണംമുടക്കി വാങ്ങിയതാണ് എട്ടു ബോട്ടുകള്‍. ഇവയെല്ലാം കര്‍ണാടകത്തില്‍ മത്സരം നടത്തുന്നതിനായി വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പ് പടിവാതില്ക്കല് എത്തിയ സാഹചര്യത്തില്‍ പരിശീലനം നടത്താന്‍ മാര്‍ഗ്ഗമില്ലാതെ ചെറുവള്ളങ്ങള്‍ സ്വന്തംപണംമുടക്കി വാടകയ്ക്കെടുത്ത് പരിശീലനം നടത്തേണ്ട ഗതികേടിലാണ് ഇവിടുത്തെ കായികതാരങ്ങള്‍.
കഴിഞ്ഞ നാലുവര്‍ഷമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ജേതാക്കള്‍ കേരളമാണ്. ഇത്തവണയും ടീമിന് ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്ന് അസോസിയേഷന് സെക്രട്ടറി കെ.എസ്. റെജി പറഞ്ഞു. 35 താരങ്ങളാണ് കേരളത്തിന് വേണ്ടി മാറ്റുരയ്ക്കുന്നത്, 13ന് ടീം പുറപ്പെടും. എന്നാല്‍ ടീമിലെ പ്രധാന താരങ്ങളായ മൂന്നുപേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവധി പോലും നിഷേധിച്ചിരിക്കുകയാണ്. അച്ചടിവകുപ്പില്‍ ജോലി ചെയ്യുന്ന ബീന, ആല്ബിന്, സുനന്ദ എന്നിവര്‍ക്കാണ് അവധി നിഷേധിച്ചത്. പ്രത്യേക അവധി നല്‍കാത്ത സാഹചര്യത്തില്‍ സ്വന്തം ലീവെടുത്ത് പോകാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന സ്പോര്‍ട്സ് കിറ്റുകളും ഇത്തവണ നിഷേധിച്ചു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും റെജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: