ഹൊബാര്‍ട്ട്: പുറത്താകാതെ 269 റണ്‍സ് നേടിയ ആഡം വോഗ്സിന്റെയും 182 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെയും കിടയറ്റ ബാറ്റിങിന്റെ കരുത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 583 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. നാലാം വിക്കറ്റില്‍ 449 റണ്‍സിന്റെ ലോകറെക്കോര്‍ഡ് സ്കോര്‍ കൂട്ടിച്ചേര്‍ത്ത വോഗ്സും മാര്‍ഷും ചേര്‍ന്നാണ് കംഗാരുക്കള്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 2009-ല്‍ മഹേല ജയവര്‍ദ്ധനെയും സമരവീരയും ചേര്‍ന്ന് കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ നേടിയ 437 റണ്‍സിന്റെ റെക്കോര്‍ഡാണ് വോഗ്സും മാര്‍ഷും പഴങ്കഥയാക്കിയത്.
തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച വിന്‍ഡീസ് രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 207 എന്ന നിലയില്‍ വന്‍ തകര്‍ച്ച നേരിടുകയാണ്. 94 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 31 റണ്‍സെടുത്ത കെമര്‍ റോച്ചും ക്രീസില്‍. നാല് വിക്കറ്റുകള്‍ മാത്രം കയ്യിലിരിക്കെ വെസ്റ്റിന്‍ഡീസ് ഇപ്പോഴും 376 റണ്‍സിന് പിന്നിലാണ്.
ഒരുഘട്ടത്തില്‍ ആറിന് 116 എന്ന നിലയില്‍ തകര്‍ന്ന വിന്‍ഡീസിനെ ഏഴാം വിക്കറ്റില്‍ കെമര്‍ റോച്ചിനെ കൂട്ടുപിടിച്ച് ബ്രാവോ രക്ഷിച്ച് എടുക്കുകയായിരുന്നു. അപരാജിതമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 91 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മറ്റ് വിന്‍ഡീസ് ബാറ്റ്സ്മാന്മാര്ക്ക് കാര്യമായി പൊരുതാന്‍ പോലും കഴിയാതിരുന്നതോടെയാണ് വിന്‍ഡീസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. രാജേന്ദ്ര ചന്ദ്രിക 25 റണ്‍സെടുത്തപ്പോള്‍ ഹോള്‍ഡര്‍ 15 റണ്‍സുമെടുത്തു. മൂന്നുപേര്‍ ഒറ്റയക്കത്തില്‍ മടങ്ങിയപ്പോള്‍ ബ്ലാക്ക്വുഡ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ മൂന്ന് ജോഷ് ഹേസില്‍വുഡ് രണ്ട് വിക്കറ്റുകള്‍ നേടി.
438ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് വേണ്ടി വോഗ്സും മാര്‍ഷും ചേര്‍ന്നാണ് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. നേരത്തെ അതിവേഗ ഇരട്ട സെഞ്ചുറി നേടിയ വോഗ്സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഓസീസിനു കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ലഭിച്ചു. 285 പന്ത് മാത്രം നേരിട്ട വോജസ് 269 റണ്‍സോടെ പുറത്താകാതെ നിന്നു. 33 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ഇരട്ട സെഞ്ചുറിയിലേയ്ക്ക് കുതിക്കുകയായിരുന്ന മാര്‍ഷ് 182ല്‍ വീണു. 15 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. മാര്‍ഷ് പുറത്തായി അധികം കഴിയും മുന്നേ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: