ഹൊബാര്‍ട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് തകര്‍പ്പന്‍ തുടക്കം. പതിഞ്ഞ രീതിയില്‍ തുടങ്ങി മധ്യനിരക്കാര്‍ ആദം വോഗ്‌സിന്റെയും (174 നോട്ടൗട്ട്), ഷോണ്‍ മാര്‍ഷിന്റെയും (139 നോട്ടൗട്ട്) മികവില്‍ കത്തിക്കയറി ഓസീസ്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സില്‍ ആതിഥേയര്‍.
ടോസ് ജയിച്ച് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഡേവിഡ് വാര്‍ണറും (64), ജോ ബേണ്‍സും (33) ആദ്യ വിക്കറ്റില്‍ 75 റണ്‍സ് ചേര്‍ത്തു. ഏകദിന ശൈലിയിലാണ് വാര്‍ണര്‍ ബാറ്റ് വീശിയത്. 61 പന്തില്‍ 11 ഫോറുകളോടെ വാര്‍ണറുടെ ഇന്നിങ്‌സ്. ഈ കൂട്ടുകെട്ട് പിരിഞ്ഞ ശേഷമെത്തിയ നായകന്‍ സ്റ്റീവന്‍ സ്മിത്തിന് (10) അധികനേരം പിടിച്ചുനില്‍ക്കാനായില്ല.
സ്‌കോര്‍ 121ല്‍ നില്‍ക്കെ സ്മിത്ത് മടങ്ങി. ഇതോടെ ഒത്തുചേര്‍ന്ന വോഗ്‌സും ഷോണും വിന്‍ഡീസ് ബൗളര്‍മാരെ നിരാശരാക്കി. പിരിയാത്ത നാലാം വിക്കറ്റില്‍ ഇതുവരെ 317 റണ്‍സ് ചേര്‍ത്തു ഇവര്‍. 204 പന്ത് നേരിട്ട് 19 ഫോറുകള്‍ നേടി വോഗ്‌സ്. 205 പന്ത് നേരിട്ട ഷോണ്‍ 12 വട്ടം പന്ത് അതിര്‍ത്തി കടത്തി. ഇരുവരുടെയും മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണിത്.
വിന്‍ഡീസിനായി ഇടംകൈയന്‍ സ്പിന്നര്‍ ജോമെല്‍ വാറിക്കന്‍ രണ്ട് വിക്കറ്റെടുത്തു. ഷാന്നന്‍ ഗബ്രിയേലിന് ഒരു വിക്കറ്റ്.
















