ആലുര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. ഗ്രൂപ്പ് ബിയിലെ ആദ്യ കളിയില്‍ ഹരിയാനയോട് ഒമ്പത് റണ്ണിന് തോറ്റു കേരളം. സ്കോര്‍: ഹരിയാന – 241/7 (50), കേരളം – 232 (50).
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാര്‍ വലിയ സ്കോറില്‍നിന്ന് ഹരിയാനയെ തടഞ്ഞു. അര്‍ധശതകം നേടിയ മോഹിത് ഹൂഡയും (54), ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ നിതിന്‍ സെയ്നിയുമാണ് (52) ഹരിയാനയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അമിത് മിശ്ര (40 നോട്ടൗട്ട്), ജയന്ത് യാദവ് (27), രാഹുല്‍ ദാഗര്‍ (21) എന്നിവരും സംഭാവന നല്കി. കേരള ബൗളര്‍മാര്‍ സമ്മാനിച്ച 23 എക്സ്ട്ര റണ്ണുകളും നിര്‍ണായകമായി. പത്തോവറില്‍ 35 റണ്‍ വഴങ്ങി രണ്ടു വീതം വിക്കറ്റെടുത്ത സന്ദീപ് വാര്യരും ഫാബിദ് അഹമ്മദുമാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. എന്‍. നിയാസ്, രോഹന് പ്രേം എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
അമിത് മിശ്രയും, ജയന്ത് യാദവും (മൂന്ന് വിക്കറ്റ് വീതം) ഉയര്‍ത്തിയ പ്രതിരോധം മറികടന്ന് നായകന് സച്ചിന് ബേബി നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ പിടിച്ചുനിര്‍ത്തിയത്. 95 റണ്‍സെടുത്ത് റണ്ണൗട്ടായ സച്ചിന് പിന്തുണ നല്കാന് മറ്റുള്ളവര്‍ക്കായില്ല. മുഹമ്മദ് അസറുദ്ദീന് (32), സഞ്ജു സാംസണ് (28), പി. പ്രശാന്ത് (27), ബേസില്‍ തമ്പി (12) എന്നിവരും രണ്ടക്കം കണ്ടു. ഹരിയാന ബൗളര്‍മാര്‍ നല്കിയ 20 എക്സ്ട്ര റണ്ണുകളും മുതല്‍ക്കൂട്ടായി. മോഹിത് ശര്‍മയും (രണ്ട്), ഹര്‍ഷല്‍ പട്ടേലും (ഒന്ന്) മറ്റു വിക്കറ്റ് വേട്ടക്കാര്‍. ഇന്ന് കേരളത്തിന് എതിരാളികള്‍ റെയ്ല്‍വേസ്.
















