ന്യൂദല്‍ഹി: ഗുരുവും ശിഷ്യനും കളത്തിനു പുറത്ത് തന്ത്രങ്ങളുമായി ഒരുങ്ങിക്കഴിഞ്ഞു. ഇവരുടെ ശിഷ്യര്‍ അത് കളത്തില്‍ നടപ്പാക്കുന്നതുപോലിരിക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലെ ഫൈനല്‍ തേടിയുള്ള പടയോട്ടം. ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ സീക്കോയും റോബര്‍ട്ടോ കാര്‍ലോസും അണിയിച്ചൊരുക്കുന്ന എഫ്സി ഗോവയും ദല്‍ഹി ഡൈനാമോസും ഐഎസ്എല്ലിലെ ആദ്യ ഫൈനല്‍ തേടി ഇന്ന് ബൂട്ടണിയും. ഇരുപാദ സെമിയിലെ ആദ്യ അങ്കം ഇന്നു രാത്രി ഏഴിന് ദല്‍ഹിയില്‍.
കഴിഞ്ഞ വര്‍ഷം സെമിയില്‍ മടങ്ങേണ്ടിവന്ന ഗോവയ്ക്കും ആദ്യമായി അവസാന നാലിലൊന്നാകുന്ന ഡൈനാമോസിനും ആദ്യ കലാശക്കളിയെന്നത് അഭിമാന പ്രശ്നം. ഈ സീസണില്‍ പ്രാഥമിക റൗണ്ടിലെ രണ്ടു മത്സരങ്ങളും ഗോവയ്ക്കൊപ്പം നിന്നു. കളത്തില്‍ വ്യക്തമായ മുന്‍തൂക്കവും ഗോവയ്ക്ക്. സീക്കോ ഒരുക്കുന്ന തന്ത്രങ്ങള്‍ തന്നെ അതിനു കാരണം. ഇത്തവണ പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും, ഒന്നാമന്മാരായതും ഗാവ. 29 ഗോളുകള്‍ സീക്കോയുടെ കുട്ടികള്‍ എതിര് വലയിലെത്തിച്ചു. ആക്രമണം മാത്രമാണ് ഗോളിലേക്കും ജയത്തിലേക്കുമള്ള പോംവഴിയെന്ന ബ്രസീലിയന്റെ മന്ത്രമാണ് ഗോവയുടെ കുതിപ്പിനു പിന്നില്‍. ഈ സീസണിലെ ഏറ്റവും വലിയ ജയവും (മുംബൈയ്ക്കെതിരെ 7-0) മൂന്നു ഹാട്രിക്കുകളും ഗോവയുടെ പേരിലുണ്ട്. ഡുഡു, ഹാവോകിപ്, റെയ്നാള്‍ഡോ എന്നീ മൂന്നു താരങ്ങളാണ് ഹാട്രിക്ക് നേടിയതെന്നതു തന്നെ സീക്കോയുടെ ആക്രമണമൂല്യം വ്യക്തമാക്കുന്നു. വ്യക്തികളെ കേന്ദ്രീകരിക്കാതെയുള്ള കുതിപ്പ്.
കളിക്കാലത്ത് മധ്യനിരയില്‍ അരങ്ങുവാണ സീക്കോ, അതേ ശൈലിയാണ് പരിശീലക കളരിയിലും പരീക്ഷിക്കുന്നത്. മധ്യനിരയും മുന്നേറ്റവും ഒരേ മനസോടെ എതിര് ഗോള്‍ മുഖത്തേക്ക് കുതിക്കുക. വിങ്ങുകളിലൂടെ കുതിക്കുന്ന മന്ദര്‍ റാവു ദേശായിയും, റോമിയോ ഫെര്‍ണാണ്ടസും, മധ്യനിരയെ നിയന്ത്രിക്കുന്ന ലൂക്കയും ലിയോ മൗറയുമാണ് ഗോവയുടെ കരുത്ത്. ഡുഡുവും ഹാവോയും റെയ്നാള്‍ഡോയും പോസ്റ്റും ലക്ഷ്യം വയ്ക്കും. പ്രതിരോധത്തിലെ കരുത്തര്‍ ഗ്രിഗറി അര്‍നോലിനും, കീനന്‍ അല്മെയ്ദയും ഗോള്‍ തടുക്കുന്നതിനൊപ്പം സ്കോര്‍ ചെയ്യും.
മറുവശത്ത് തന്റെ കളിക്കാലത്തെ ശീലങ്ങള്‍ കളത്തിലും നടപ്പാക്കിയാണ് റോബര്‍ട്ടോ കാര്‍ലോസ് ഡൈനാമോസിനെ ഈ സീസണില്‍ അവസാന നാലിലൊരു ടീമാക്കിയത്. കഴിഞ്ഞ തവണ ഏറെ നിരാശപ്പെടുത്തിയ ടീമിനെ കരുത്തുറ്റതാക്കിയത് കാര്‍ലോസിന്റെ മാത്രം മികവ്. പ്രതിരോധിക്കുകയും വിങ്ങുകളിലൂടെ കുതിച്ചുപാഞ്ഞ് എതിര് ഗോള്‍മുഖം വിറപ്പിക്കുകയും ചെയ്ത കാര്‍ലോസ്, തന്റെ ശിഷ്യരെ കൊണ്ടും അതേ തന്ത്രങ്ങള്‍ പയറ്റിക്കുന്നു. പ്രതിരോധത്തിലെ കുന്തമുനകള്‍ മലയാളി താരം അനസ് എടത്തൊടികയും മാര്‍കീ താരം ജോണ്‍ ആര്‍നെ റീസയും ഇതിന്റെ സാക്ഷ്യപത്രങ്ങള്‍.
പ്രതിരോധത്തിന്റെ കരുത്തിലാണ് ദല്‍ഹിയുടെ മുന്നേറ്റം. അനസും റീസെയും പ്രതിരോധത്തിലെ കോട്ടകളായപ്പോള്, ദല്‍ഹിക്കെതിരെ ഗോള്‍ നേടുകയെന്നത് ഏതു ടീമിനും വെല്ലുവിളിയായി. അതുപോലെ ഗോളടിക്കുന്നതിലും ദല്‍ഹി പിശുക്കു കാട്ടി. ഈ സീസണില്‍ സെമിയിലെത്തിയ ടീമുകളില്‍ കുറവ് ഗോള്‍ നേടിയത് ദല്‍ഹി, പതിനെട്ടണ്ണം. അതേസമയം, മധ്യനിര കേന്ദ്രീകരിച്ച് പന്ത് കൈവശംവച്ച് കളിക്കുന്നതില്‍ ഡൈനാമോസ് മികവു കാട്ടി. ഒമ്പത് കളികളില്‍ പന്തിലുള്ള ആധിപത്യം തന്നെ ഉദാഹരണം. ഫ്ളോറന്റ് മലൂദയും ഹാന്‍സ് മുള്‍ഡറും സൗവിക് ചക്രവര്‍ത്തിയും സ്നേഹജ് സിങ്ങും മധ്യനിരയിലും, ഗുസ്താവോ ഡോസ് സാന്റോസും, ആദില്‍ നബിയും റോബിന് സിങ്ങും മുന്നേറ്റത്തിലും ദല്‍ഹിയെ പ്രതാപികളാക്കുന്നു.
മത്സരത്തില്‍ മുന്‍തൂക്കം ഗോവയ്ക്ക്. പ്രാഥമിക മത്സരങ്ങളിലെ ജയവും സീക്കോയെന്ന പരിശീലകന്റെ മികവും അവരുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ കൈവിട്ട കിരീടം കൈപ്പിടിയിലൊതുക്കാന്‍ അവര്‍ സജ്ജം. സ്വന്തം മൈതാനത്തെ ആദ്യ പാദം ജയിച്ച് അപ്രതീക്ഷത ടീമാകാനാകും ദല്‍ഹി ഒരുങ്ങുക. ഇന്ന് ജയിച്ചാല്‍, ഗോവയില്‍ പിടിച്ചു നില്‍ക്കാമെന്ന് കാര്‍ലോസ് കണക്കുകൂട്ടുന്നു. കാത്തിരുന്നു കാണാം, ഗുരുവോ, ശിഷ്യനോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: