ന്യൂദല്‍ഹി: ശിഖര്‍ ധവാന്റെ ബൗളിങ് ആക്ഷന്‍ സംശയ നിഴലില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടെസ്റ്റില്‍ ശിഖര്‍ പന്തെറിഞ്ഞിരുന്നു.
അന്നത്തെ ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കി. 14 ദിവസത്തിനകം ധവാന്റെ ബൗളിങ് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിനു ശേഷമേ അന്തിമ തീരുമാനമുണ്ടാകു. അതുവരെ പന്തെറിയുന്നതില്‍ വിലക്കില്ല.
ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ ടീം മാനെജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്. വലംകൈയന്‍ ഓഫ് സ്പിന്നറായ ധവാന്‍, ദല്‍ഹിയില്‍ മൂന്ന് ഓവര്‍ എറിഞ്ഞു. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ ഒമ്പത് റണ്‍സ് താരം വിട്ടു നല്‍കി.
ഈ വര്‍ഷം ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിക്കപ്പെടുന്ന ഏഴാമത്തെ താരമാണ് ശിഖര്‍ ധവാന്‍. സുനില്‍ നരെയ്ന്‍, മര്‍ലോണ്‍ സാമുവല്‍സ് (വെസ്റ്റിന്‍ഡീസ്), മുഹമ്മദ് ഹഫീസ്, ബിലാല്‍ ആസിഫ് (പാക്കിസ്ഥാന്‍), താരിന്ദു കൗശല്‍ (ശ്രീലങ്ക), മാല്‍ക്കം വാല്ലര്‍ (സിംബാബ്‌വെ) എന്നിവര്‍ മറ്റു താരങ്ങള്‍. ഇവരില്‍ നരെയ്‌ന്റെയും ഹഫീസിന്റെയും ആക്ഷനില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി, ഇരുവരെയും ഐസിസി വിലക്കി.
















