കോഴിക്കോട്: സ്കൂള്‍ അത്ലറ്റിക് മീറ്റിലെ ക്രോസ് കണ്ട്രി മത്സരത്തില്‍ ആണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്കൂളിന്റെ പി.എന്‍. അജിത്തും പെണ്‍കുട്ടികളില്‍ കല്ലടി സ്കൂളിന് വേണ്ടി മത്സരിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശിനി കെ.ആര്. ആതിരയും പൊന്നണിഞ്ഞു. 9 മിനിറ്റ് 35.40 സെക്കന്റില്‍ ഓടിയെത്തിയാണ് ആതിര ഇത്തവണത്തെ ആദ്യ പൊന്നണിഞ്ഞത്.
ഇടുക്കി കാല്‍വരിമൗണ്ട് സിഎസ്എച്ചിലെ സാന്ദ്ര എസ്. നായര്‍ 9:42.40 സെക്കന്റില്‍ വെള്ളിയും പാലക്കാട് ചിറ്റിലഞ്ചേരി എംഎന്കെഎംഎച്ച്എസ്എസിലെ ജി. ഗായത്രി 9:53.60 സെക്കന്റില്‍ വെങ്കലവും നേടി. കഴിഞ്ഞ ദിവസങ്ങളില്‍ 5000 മീറ്ററില്‍ സ്വര്‍ണ്ണവും 3000 മീറ്ററില്‍ വെള്ളിയും സാന്ദ്ര നേടിയിരുന്നു.ആണ്‍കുട്ടികളുടെ ക്രോസ് കണ്ട്രിയില് 14:16.10 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പറളിയുടെ പി.എന്‍. അജിത്ത് പൊന്നണിഞ്ഞത്. കഴിഞ്ഞ ദിവസം 1500ലും 3000 മീറ്ററില്‍ റെക്കോര്‍ഡോടെയും പൊന്നണിഞ്ഞ അജിത്ത് ട്രിപ്പിള്‍ തികച്ചു.
ഇടുക്കി ഇരട്ടയാര്‍ എസ്ടിഎച്ച്എസ്എസിലെ ഷെറിന് ജോസ് 14:26.30 സെക്കന്റില്‍ വെള്ളിയും വണ്ണപ്പുറം എസ്എന്‍എം എച്ച്എസിലെ അഭിജിത്ത്. എസ്.എ വെങ്കലവും നേടി.പറളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അജിത്ത് പടിഞ്ഞാക്കര വീട്ടില്‍ ടാപ്പിങ് തൊഴിലാളിയായ നാരായണന്‍കുട്ടി-ജയന്തി ദമ്പതികളുടെ ഇളയമകനായ അജിത്ത് പി.ജി. മനോജിന്റെ കീഴില്‍ പരിശീലനം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: