കോഴിക്കോട്: ദീര്‍ഘദൂരത്തില്‍ മൂന്നാം സ്വര്‍ണ്ണം തേടിയിറങ്ങിയ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ ബിബിന്‍ ജോര്‍ജിന് 800 മീറ്ററില്‍ അടിതെറ്റി. പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ സുഗന്ധകുമാറാണ് ഒരു മിനിറ്റ് 53.55 സെക്കന്റില്‍ 800 മീറ്ററില്‍ പൊന്നണിഞ്ഞത്.
വെള്ളിനേടിയ ബിബിന്‍ 1:54.41 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നു. 1:54.61 സെക്കന്റില്‍ ഫിനിഷ് ചെയ്ത മലപ്പുറം കടയ്ക്കാശ്ശേരി ഐഡിയല്‍ പബ്ലിക്സ്കൂളിന്റെ എ.എസ്. ഇര്‍ഷാദ് വെങ്കലവും നേടി.
1500 മീറ്ററില്‍ തന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ബിബിനെതിരെ ആധികാരികമായാണ് സുഗന്ധ്കുമാര്‍ 800-ല്‍ ഫിനിഷ് ലൈന്‍ കടന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 800, 1500ലും വെള്ളി നേടിയിട്ടുണ്ട് സുഗന്ധ്കുമാര്‍. റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 800-ല്‍ വെള്ളിനേടി.
പാലക്കാട് കോങ്ങാട് ചെമ്പക്കര വീട്ടില്‍ ഹോട്ടല്‍ ജീവനക്കാരനായ വിജയന്റെയും കൂലിപ്പണിക്കാരിയായ സുഭദ്രയുടെയും മകനാണ് സുഗന്ധ്. രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് സുഗന്ധ്കുമാര്‍.
















