കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ സ്പ്രിന്റ് റിലേയില്‍ പാലക്കാടിനും എറണാകുളത്തിനും മുന്‍തൂക്കം. ജൂനിയര്‍ ആണ്‍കുട്ടികളുടെയും സീനിയര്‍ പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ പാലക്കാട് പൊന്നണിഞ്ഞപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെയും സബ് ജൂനിയര്‍ വിഭാഗത്തിലുമാണ് എറണാകുളം കരുത്ത് കാണിച്ചത്.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിനി. പി.വി, എം. അഞ്ജന, നിത്യമോള്‍, ദര്‍ശന പി.പി. എന്നിവരടങ്ങിയ ടീമാണ് 49.92 സെക്കന്റില്‍ പറന്നെത്തിയ പൊന്നണിഞ്ഞത്.
ജിസ്‌നമാത്യുവും ഷഹര്‍ബാന സിദ്ദിഖും അണിനിരന്ന കോഴിക്കോടിനെ പിന്തള്ളിയായിരുന്നു പാലക്കാടന്‍ കരുത്തിന്റെ കുതിപ്പ്. വെള്ളി നേടിയ കോഴിക്കോട് 50.10 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ കടന്നത്. 50.13 സെക്കന്റില്‍ ഓടിയെത്തിയ കൊല്ലത്തിനാണ് വെങ്കലം.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിനെ ഫോട്ടോഫിനിഷില്‍ പിന്തള്ളി എറണാകുളം പൊന്നണിഞ്ഞത്. 42.95 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന എറണാകുളത്തിന് വേണ്ടി ട്രാക്കിലിറങ്ങിയത് അഭിജിത്ത്. എന്‍.എസ്, നിബിന്‍ ബൈജു, വിഷ്ണു കെ.വി., പ്രണവ്. കെ.എസ് എന്നിവര്‍. 42.96 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മലപ്പുറം വെള്ളിയും 43.29 സെക്കന്റില്‍ ഓടിയെത്തിയ ഇടുക്കി വെങ്കലം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50.34 സെക്കന്റിലാണ് കോഴിക്കോട് പറന്നെത്തിയത്. ടി. സൂര്യമോള്‍, കെ.പി. ആദിത്യ, ബിസ്മി ജോസഫ്, അപര്‍ണ റോയ് എന്നിവരാണ് കോഴിക്കോടിന് വേണ്ടി ട്രാക്കിലിറങ്ങിയത്. ആണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ മുഹമ്മദ് റാഷിദ്, അഖില്‍. പി, അക്ഷയ്. പി.എസ്, അമല്‍ ടി.പി. എന്നിവരടങ്ങിയ ടീമാണ് 44.43 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന് പൊന്നണിഞ്ഞത്. പാലക്കാടിന്റെ കുതിപ്പിന് മുന്നില്‍ കീഴടങ്ങിയ തൃശൂര്‍ 45.18 സെക്കന്റില്‍ വെള്ളിയും 45.52 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന പത്തനംതിട്ട വെങ്കലവും നേടി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൊന്നണിഞ്ഞത് എറണാകുളം ജില്ല. വാരിഷ് ബോഗിമയൂം, വരുണ്‍ സജീവ്, അഭിജിത്ത്. എം.യു, അജയകൃഷ്ണന്‍. എസ് എന്നിവരാണ് 48.22 സെക്കന്റില്‍ പൊന്നണിഞ്ഞത്. 48.97 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മലപ്പുറം വെള്ളി നേടിയപ്പോള്‍ 48.99 സെക്കന്റില്‍ ഓടിയെത്തിയ വയനാട് വെങ്കലം കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൊന്നണിഞ്ഞത് കോട്ടയം. 53.30 സെക്കന്റില്‍ ഓടിയെത്തിയ കോട്ടയത്തിനായി പാര്‍വതി പ്രസാദ്, അന്ന തോമസ് മാത്യു, ആന്റോസ് ടോമി, അലീന. ടി എന്നിവരാണ് ട്രാക്കിലിറങ്ങിയത്. 54 സെക്കന്റില്‍ ഫിനിഷ് ചെയ്ത് എറണാകുളം വെള്ളി നേടിയപ്പോള്‍ 55.40 സെക്കന്റില്‍ ഒാടിയെത്തിയ കോഴിക്കോട് വെങ്കലം
നേടി.
















