കോഴിക്കോട്: സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കാര്യമായ വെല്ലുവിളികളില്ലാതെ സ്വര്‍ണ്ണത്തിലേക്ക് ചാടിയ എറണാകുളത്തിന്റെ ജിയോ ജോസിന് പക്ഷേ റെക്കാഡിനായുള്ള ശ്രമത്തില്‍ പിഴച്ചു. ഇന്നലെ 2.09മീറ്റര്‍ വരെ അനായാസം ബാറിന് മുകളിലൂടെ പറന്ന് ജിയോ സ്വര്‍ണം ഉറപ്പിച്ചു.
2012-ല്‍ എറണാകുളത്ത് ശ്രീനിത് മോഹന്‍ സ്ഥാപിച്ച 2.11 മീറ്ററാണ് റെക്കോര്‍ഡ്. ദേശീയ റെക്കോഡാവട്ടെ കര്‍ണാടകയുടെ ഹര്‍ഷിത് സ്ഥാപിച്ച 2.10ന്റെ ഉയരവും. 2.09 ക്ലിയര്‍ ചെയ്ത ശേഷം അച്ഛനും കായികാധ്യാപകനുമായ ജോര്‍ജിന്റെ നിര്‍ദ്ദേശ പ്രകാരം 2.13 മീറ്ററിന് ശ്രമിച്ച ജിയോയ്ക്ക് മൂന്ന് ശ്രമത്തിലും അത് ക്ലിയര്‍ ചെയ്യാനായില്ല. അതിനുപകരം 2.11, 2.12 മീറ്ററോ ഉയരം വെച്ചിരുന്നെങ്കില്‍ ജിയോക്ക് റെക്കോര്‍ഡും സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഊര്‍ജ്ജം നഷ്ടപ്പെടാതിരിക്കാനാണ് 2.13 മീറ്ററിലേക്ക് ബാര്‍ ഉയര്‍ത്തിയതെന്ന് ജോര്‍ജ്ജ് ഷിന്‍ഡെ പറഞ്ഞു.
മാത്രമല്ല, ജിയോ മികച്ച ഫോമിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജിയോയുടെ അനിയന് ജിനോ ബാസ്റ്റിന് സബ്ജൂനിയര് ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു. പിതാവ് ജോര്‍ജ്ജ് ഷിന്‍ഡെയും മുന്‍ ഹൈജമ്പ് താരമാണ്. അമ്മ സിനി ഷിന്‍ഡെ തമിഴ്നാടിന്റെയും റെയില്‍വേയുടെയും വോളിബാള്‍ ടീമംഗമായിരുന്നു.
എറണാകുളം നവദര്‍ശന്‍ അക്കാഡമിയിലെ മനോജ് തോമസാണ് പരിശീലകന്. സായി തുരുവനന്തപുരത്തിന്റെ ടി.ആരോമല്‍ (2.4മീ.) വെള്ളിയും തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ എസ്. അനന്തു (1.91) വെങ്കലവും നേടി.
















