കോഴിക്കോട്: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ചാമ്പ്യന്മാരായ എറണാകുളം കുതിപ്പു തുടരുന്നു. രണ്ടാം ദിവസം 40 ഫൈനലുകള്‍ കഴിഞ്ഞപ്പോള്‍ 10 സ്വര്‍ണ്ണവും 15 വെള്ളിയും 10 വെങ്കലവുമടക്കം 105 പോയിന്റുണ്ട് എറണാകുളത്തിന്. 9 (സ്വ), 8 (വെ), 7 (വെങ്ക) നേടി 76 പോയിന്റോടെ പാലക്കാട് രണ്ടാമതും 7 (സ്വ), 3 (വെ), നാല് (വെങ്ക) നേടി 48 പോയിന്റോടെ കോഴിക്കോട് മൂന്നാമതും തുടരുന്നു.
ചാമ്പ്യന്‍ സ്കൂളായി ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ ബഹുദൂരം പിന്തള്ളി നാട്ടുകാരായ മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്ത്. 5 സ്വര്‍ണ്ണമടക്കം 50 പോയിന്റ്. പറളി രണ്ടാമത്; 6 സ്വര്‍ണ്ണമടക്കം 40 പോയിന്റ്. മൂന്നാം സ്ഥാനത്തും പാലക്കാട് സ്കൂള്‍. 3 സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 21 പോയിന്റ് നേടിയ ഉഷ സ്കൂളള്‍ നാലാമത് എത്തിയപ്പോള്‍ കോതമംഗലം അഞ്ചാമതായിപ്പോയി.
100 മീറ്റര്‍ (സീനി. ആണ്) കോതമംഗലം സെന്റ് ജോര്‍ജിലെ പ്രണവ്. കെ.എസും (സീനി. പെണ്) സ്പ്രന്റില്‍ പി.ടി. ഉഷയുടെ അരുമശിഷ്യ ജിസ്ന മാത്യുവും വേഗതയേറിയ താരങ്ങളായി മാറി.രണ്ടാം ദിനമായ ഇന്നലെ ആറ് റെക്കോര്‍ഡു പിറന്നു.
















