കോഴിക്കോട്: യൂത്ത് ഒളിമ്പ്യന്‍ കെ.ടി. നീന നടക്കുകയാണ്….. സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക്. തുടര്‍ച്ചയായ ഏഴാം വര്‍ഷവും നടത്തത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ച് പറളിയുടെ മുത്ത് നീന ഇന്നലെയും പൊന്നണിഞ്ഞു. തന്റെ അവസാന സ്കൂള്‍ മീറ്റിനിറങ്ങിയ നീന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തിലായിരുന്നു ഇന്നലെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 25 മിനിറ്റ് 21.74 സെക്കന്റിലാണ് നീന നടന്നെത്തിയത്.
പാലക്കാട് പറളിയിലെ കമ്പ ചേനമ്പുര വീട്ടില്‍ ചുമട്ടുതൊഴിലാളിയായ തങ്കന്റെയും നിര്‍മ്മലയുടെയും മകളാണ് നീന. റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ പ്രകടനത്തില്‍ സന്തുഷ്ടയാണെന്ന് നീന പറഞ്ഞു. അനുജന് കെ.ടി. നിധീഷും നടത്തതാരമാണ്. ഇന്ന് നടക്കുന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിധീഷ് മത്സരിക്കാനിറങ്ങും. നിധീഷ് കഴിഞ്ഞ വര്‍ഷവും മത്സരിക്കാനിറങ്ങിയെങ്കിലും മെഡല്‍ കിട്ടിയിരുന്നില്ല.
ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്സില്‍ 11-ാം സ്ഥാനവും 2013ലെ ലോക യൂത്ത് മീറ്റില്‍ 14-ാമതും എത്തിയ നീന ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ നാലാം സ്ഥാനവും സ്വന്തമാക്കി. ദേശീയ ജൂനിയര്‍ മീറ്റില്‍ രണ്ട് സ്വര്‍ണ്ണം നേടിയ ഈ സുവര്ണ്ണമുത്ത് ദേശീയ സ്കൂള്‍ മീറ്റില്‍ അഞ്ച് സ്വ്വര്ണ്ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്.
ഈയിനത്തില്‍ വെള്ളിയും വെങ്കലവും പറളി സ്വന്തമാക്കി. മുണ്ടൂര്‍ സ്കൂളിന്റെ വൈദേഹി. എസ് 26 മിനിറ്റ് 26.49 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ വെങ്കലം പറളിക്ക് സ്വന്തം. 26 മിനിറ്റ് 46.53 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജി. നിഷക്കാണ് വെങ്കലം.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പറളി സ്കൂളിന്റെ എ. അനീഷാണ് പൊന്നണിഞ്ഞത്. 22 മിനിറ്റ് 23.64 സെക്കന്റില്‍ നടത്തിയായിരുന്നു അനീഷിന്റെ സുവര്‍ണ്ണനേട്ടം. പാലക്കാട് കിണാശ്ശേരി ഇല്ലത്ത് പറമ്പില്‍ ഡ്രൈവറായ അപ്പുണ്ണി-ഉഷ ദമ്പതികളുടെ മകനാണ് അനീഷ്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റിലും അനീഷിന് എതിരില്ലായിരുന്നു.
2013-ല്‍ നടന്ന സൗത്ത് സോണ്‍ മീറ്റില്‍ റെക്കോര്‍ഡ് നേടിയ അനീഷ് കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും വെങ്കലം നേടി. പറളി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അനീഷ്. മനോജാണ് നീനയുടെയും അനീഷിന്റെയും പരിശീലകന്.
ഈയിനത്തില്‍ മാതിരപ്പിള്ളി ഗവ. വിഎച്ച്എസിന്റെ തോമസ് അബ്രഹാം 23 മിനിറ്റ് 17.58 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ 23 മിനിറ്റ് 30.30 സെക്കന്റില്‍ നടന്നെത്തിയ കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് എച്ച്എസ്എസിലെ ടി.കെ. അരുണ്‍ദേവ് വെങ്കലം നേടി.
















