കോഴിക്കോട്: ഒരു കയ്യില്ല എന്നത് ഒരു കുറവായി കാണാന്‍ മുഹമ്മദ് അനസ് എന്ന മലപ്പുറം സ്വദേശി തയ്യാറല്ല. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കാനെത്തിയ മുഹമ്മദ് അനസിന്റെ പോരാട്ടവീര്യത്തിന് കരുത്തേറെയാണ്. ജന്മനാ ഒരു കൈ ഇല്ലാത്തതൊന്നും അനസിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വിലങ്ങുതടിയായില്ല. കായിക താരങ്ങള്‍ തങ്ങളുടെ എതിരാളികളോട് പോരാടുമ്പോള്‍ തന്റെ പരിമിതികളോടു പടവെട്ടിയാണ് അനസ് സംസ്ഥാന കായികമേളയ്‌ക്കെത്തിയത്.
ശാരീരിക പരിമിതികളേയും സാമ്പത്തികപ്രതിസന്ധിയേയും പുഞ്ചിരിയോടെ നേരിടുന്ന ഈ കൗമാര താരത്തിന്റെ സ്വപ്‌നങ്ങള്‍ വളരെ വലുതാണ്. റഷ്യയില്‍ നടന്ന ഭിന്നശേഷിയുള്ളവരുടെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് അനസ്. വികലാംഗ അസോസിയേഷനുകള്‍ തമ്മിലുള്ള കലഹങ്ങളാണ് അനസിന്റെ അവസരം നഷ്ടമാക്കിത്.
മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും അനസിനെ മത്സരത്തിനക്കുന്നതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നെന്നാണ് അസോസിയേഷന്‍ ‘ാരവാഹികള്‍ അറിയിച്ചത്.
സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ഈ തടസ്സങ്ങളുടെ പിറകേ സഞ്ചരിക്കാന്‍ കഴിഞ്ഞതുമില്ല. എങ്കിലും ഒന്നിനോടും പരാതി പറയാതെ തന്റെ പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഈ പത്താം ക്ലാസുകാരന്‍.
ഇത്തവണത്തെ സംസ്ഥാന മീറ്റില്‍ ആദ്യ ഘട്ടത്തില്‍ നിന്ന് ഫൈനലിലേക്കു യോഗ്യത നേടിയില്ലെങ്കിലും ആത്മവിശ്വസത്തിന്റെ കരുത്തുള്ള തന്റെ വലതു കൈയ്യുമായി പോരാട്ടം തുടരാന്‍ തന്നെയാണ് അനസിന്റെ തീരുമാനം. കോട്ടക്കല്‍ പറപ്പൂര്‍ ഐയുഎച്ച്എസിലെ വിദ്യാര്‍ത്ഥിയാണ് അനസ്. മലപ്പുറം റവന്യൂ ജില്ലാ മീറ്റില്‍ 6.01 മീറ്റര്‍ ചാടിയാണ് അനസ് സംസ്ഥാന സ്‌കൂള്‍ മീറ്റിനെത്തിയത്. എന്നാല്‍ ജില്ലയിലെ പ്രകടനം ഇവിടെ ആവര്‍ത്തിക്കാന്‍ അനസിനു കഴിഞ്ഞില്ലെങ്കിലും അനസിന് കീഴടക്കാന്‍ ദൂരങ്ങള്‍ ഒരുപാടുണ്ടെന്നാണ് പരിശീലകനായ റിയാസ് ആലത്തിയൂരിന്റെ പ്രതീക്ഷ. കോട്ടക്കല്‍ കുറ്റിപ്പുറം നടുത്തുടി വീട്ടില്‍ അബ്ദു, ഖദീജ ദമ്പതികളുടെ മകനാണ് അനസ്.
















