ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി എഫ്‌സിക്ക് ഇന്ന് നിര്‍ണായക പോരാട്ടം. രാത്രി ഏഴിന് നടക്കുന്ന എവേ മത്സരത്തില്‍ എതിരാളികള്‍ സെസാര്‍ ഫാരിയാസിന്റെ കീഴില്‍ ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടാല്‍ പൂനെയുടെ സെമി സാധ്യത അവസാനിക്കും.
എന്നാല്‍ ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ പൂനെയുടെ സാധ്യത വര്‍ധിക്കും. അവസാന മത്സരത്തില്‍ സ്വന്തം മൈതാനത്ത് ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പ്പിക്കാനും കഴിഞ്ഞാല്‍ പൂനെക്ക് അവസാന നാലില്‍ ഇടംപിടിക്കുകയും ചെയ്യാം.
ഇന്ന് അവസാന മത്സരം കളിക്കാനിറങ്ങുന്ന നോര്‍ത്ത് ഈസ്റ്റിന് ഇന്ന് വിജയം അനിവാര്യമാണെങ്കിലും സെമിയില്‍ പ്രവേശിക്കാനുള്ള നേരിയ സാധ്യതമാത്രമാണുള്ളത്.
13 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട സമനിലയും ആറ് പരാജയവുമടക്കം 17 പോയിന്റുമായി നിലവില്‍ നോര്‍ത്ത് ഈസ്റ്റ് നാലാമതാണ്.
ഇന്ന് അവസാന മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ 20 പോയിന്റാകും. എന്നാലും സെമിഫൈനല്‍ ഉറപ്പില്ല. പൂനെ സിറ്റിയാകട്ടെ 12 കളികളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയം അഞ്ച് പരാജയവുമടക്കം 15 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ 18 പോയിന്റുമായി അവര്‍ക്ക് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാം.
എന്നാല്‍ അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റതാണ് പൂനെയുടെ കുതിപ്പിന് മുന്നില്‍ വിലങ്ങുതടിയായത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ദല്‍ഹി ഡൈനാമോസിനോട് 3-1നും അത്‌ലറ്റികോയോട് 4-1നും പരാജയപ്പെട്ടത്. താരനിബിഡമാണ് പൂനെ ടീമെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതാണ് അവരെ കുഴപ്പത്തിലാക്കുന്നത്. അഡ്രിയാന്‍ മുട്ടു, കാലു ഉച്ചെ, ടുന്‍കെ സാന്‍ലി, യെന്‍ഡ്രിക് റ്യുയിസ്, വെസ്ലി വെര്‍ഹോക്ക്, ക്യാപ്റ്റന്‍ ദിദിയര്‍ സകോറ തുടങ്ങിയ വിദേശ താരങ്ങളും ജാക്കിചന്ദ്, ലെനി റോഡ്രിഗസ്, ഇസ്രയില്‍ ഗുരുങ്, ധര്‍മ്മരാജ് രാവണന്‍, സുശാന്ത് മാത്യു തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ടീമില്‍ അടങ്ങുന്നുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇതാണ് കോച്ച് ഡേവിഡ് പ്ലാറ്റിനെ കുഴക്കുന്നതും.
കൂടാതെ യുജിന്‍സെന്‍ ലിങ്‌ദോക്ക് സസ്‌പെന്‍ഷന്‍ കാരണവും ഗുര്‍മാംഗിസിംഗിന് പരിക്കുകാരണവും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ കളിക്കാന്‍ കഴിയില്ല എന്നത് പൂനെയെ സംബന്ധിച്ചിടത്തോളം നേരിയ തിരിച്ചടിതന്നെയാണ്. ആദ്യ ആറ് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ച ടീമാണ് പിന്നീടുള്ള ആറ് മത്സരങ്ങളില്‍ അതേ ഫോം നിലനിര്‍ത്താന്‍ കഴിയാതെ കഷ്ടത്തിലായത്. മാത്രമല്ല കഴിഞ്ഞ ആറ് എവേ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ പോലും ജയം നേടാനും പൂനെക്ക് കഴിഞ്ഞിട്ടില്ല.
അതേസമയം ആദ്യ ഏഴ് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ പരാജയപ്പെടുകയും രണ്ട് വിജയം നേടുകയും ഒരു സമനില പാലിക്കുകയും ചെയ്തശേഷം പിന്നീടുള്ള ആറ് കളികളില്‍ മൂന്നെണ്ണം വിജയിച്ചു. തുടക്കത്തില്‍ വെനസ്വേല കോച്ച് സെസാര്‍ ഫാരിയാസിന്റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ നടപ്പാക്കാനായില്ലെങ്കിലും പിന്നീട് അവര്‍ ഒരു പരിധിവരെ വിജയകമായി നടപ്പാക്കി.
പ്രതിരോധത്തിലെ പാളിച്ചകളാണ് നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ മത്സരങ്ങളില്‍ തിരിച്ചടിയായത്. 13 മത്സരങ്ങളില്‍ 15 തവണ മാത്രം എതിര്‍വല കുലുക്കിയ അവര്‍ 21 ഗോളുകളാണ് വഴങ്ങിയത്. സിമാവോ, ഡാഡ്‌സെ, നിക്കോളാസ് വെലസ്, വിക്ടര്‍ മെന്‍ഡി തുടങ്ങിയവരാണ് വടക്കുകിഴക്കന്‍ പ്രതിനിധികളുടെ പ്രധാനികള്‍.
















