കൊല്ലം: റവന്യൂ ജില്ലാ കായികമേള ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. മേയര്‍ അഡ്വ.വി രാജേന്ദ്രബാബു കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ എസ് പ്രസന്നന്‍, കൊല്ലം ഡിഡിഇ എന്‍.ഐ. അഗസ്റ്റിന്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി.എസ്.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് പാസ്റ്റിനുശേഷം വള്ളിക്കീഴ് ഗവ. ഹൈസ്‌കൂളിലേയും പട്ടത്താനം ഗവ. എസ്എന്‍ഡിപി സ്‌കൂളിലേയും കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ ഡിസ്‌പ്ലേയോടെ മത്സരങ്ങള്‍ക്ക് തുടക്കമായി.
ഇന്നലെ വൈകിട്ട് എല്ലാ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ കായികമേളയില്‍ പുനലൂര്‍ സബ്ജില്ല മുന്നേറ്റത്തിലാണ്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും കരസ്ഥമാക്കിയ ഇവര്‍ക്ക് 73 പോയിന്റ് ലഭിച്ചിട്ടുണ്ട്. തൊട്ട് പിന്നില്‍ ആതിഥേയരായ കൊല്ലമാണ്. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും കരസ്ഥമാക്കി. ചവറ പന്മന മനയില്‍ എസ്ബിവിഎസ്ജിഎച്ച്എസ്എസ് ആണ് വ്യക്തിഗത ചാമ്പ്യന്‍മാരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും കരസ്ഥമാക്കിയ ഇവര്‍ക്ക് 15 പോയിന്റ് ലഭിച്ചിട്ടുണ്ട്. 12 പോയിന്റുകള്‍ വീതം നേടിയ പൂതക്കുളം ഗവ. എച്ച്എസ്എസ്, എംടിഎച്ച്എസ് പത്തനാപുരം എന്നിവര്‍ തൊട്ടുപിന്നിലാണ്.
















