നൗഷാദ് മനുഷ്യനാണ്. ഏതൊരു മനുഷ്യത്തമുള്ളയാളും അനുകരിക്കേണ്ട പ്രവര്‍ത്തിയാണദ്ദേഹം ചെയ്തതും. അദ്ദേഹം ഞങ്ങളുടെ മനസ്സില്‍ എന്നും ജീവിക്കും എന്നാല്‍, ഒരേ ദിവസം സുബിനേഷിന്റേയും, നൗഷാദിന്റെയും വീടു സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി രണ്ട് രീതിയിലാണു പ്രതികരിച്ചത്. ആ സമീപനമാണു തിരുത്തപ്പെടേണ്ടത്. പൗരന്മാരോടുള്ള അധികാരികളുടെ സമീപനത്തിലാണു സമത്വം വരേണ്ടത്. വെള്ളാപ്പള്ളിയുടെ അധിക്ഷേപം ഉമ്മന്‍ ചാണ്ടിയോടും സര്‍കാരിനോടും ആണ്.
വിവാദം ആവശ്യമുള്ള മണിയനീച്ചകള്‍ക്ക് അത് വെള്ളാപ്പള്ളി നൗഷാദിനെ അധിക്ഷേപിച്ചു എന്നാക്കാം. അത് നിങ്ങളുടെ സൗകര്യം. വെള്ളാപ്പള്ളി പ്രസംഗിച്ചത് മരിച്ചവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെക്കുറിച്ചാണ്. അല്ലാതെ നൗഷാദിനെ പരിഹസിക്കാനാണെന്നു വിമര്‍ശിക്കുന്നതും ചിത്രീകരിക്കുന്നതും മാധ്യമങ്ങളുടെ പുതിയ തന്ത്രമാണ്…. മരണത്തിനിടയാക്കിയ സാഹസികതയല്ല ഇവിടെ ചര്‍ച്ചാ വിഷയം.
നഷ്ടപരിഹാരം പാര്‍ട്ടിയും മതവും ജാതിയും നോക്കിക്കൊടുക്കുന്നില്ലെന്ന് പറയാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ. എങ്കില്‍ തെളിവു സഹിതം വെളിപ്പെടുത്തട്ടെ, ആര്‍ക്കൊക്കെ കൊടുത്തുവെന്നും എന്തടിസ്ഥാനത്തില്‍ അതില്‍ വേര്‍തിരിവുണ്ടായി എന്നും. നാദാപുരത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നഷ്ടപരിഹാരം കൊടുത്തത് ആരുടെ പണമാണ്. വനവാസിക്കുടിലുകളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം കിട്ടാത്തതെന്തു മാനദണ്ഡമാണ്.
നെഞ്ചില്‍ കൈവെച്ച് ഇവിടത്തെ സര്‍ക്കാരുകള്‍ക്കു പറയാന്‍ പറ്റുമോ നഷ്ടപരിഹാര വിതരണത്തില്‍ വേറുകൃത്യം ഉണ്ടായിട്ടില്ലെന്ന്. എങ്കില്‍ പറയുക. യുഡിഎഫ് ഭരണകാലത്ത് വിതരണം ചെയ്ത നഷ്ടപരിഹാരത്തുകയുടെ ആധികാരിക കണക്ക് വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ? വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നവര്‍ക്ക് അത് അന്വേഷിക്കാന്‍ കഴിയുമോ. നൗഷാദിന്റെ ആത്മാവ് പൊറുക്കട്ടെ. നൗഷാദിന്റെ ബന്ധുക്കള്‍ക്കു മുന്നില്‍ നാളെ ക്യാമറയും മൈക്കും വന്നേക്കും.
കോഴിക്കോട്ടെ നൗഷാദിന്റെ കൂട്ടുകാരെയും മാധ്യമങ്ങള്‍ വിസ്തരിക്കും. അവരോട് ചോദിക്കാനാരെങ്കിലും തയ്യാറാകണം, വെള്ളാപ്പള്ളി പറഞ്ഞതില്‍ സത്യമുണ്ടോ. നിങ്ങള്‍ക്കുറപ്പുണ്ടോ നുണയാണെന്ന്.
ആര്‍വികെ. നായര്‍
















