പനയം: കേന്ദ്ര ആവിഷ്‌കൃത പദ്ധതികളുടെ പേരുകള്‍ മറച്ചുവച്ച് പനയം ഗ്രാമപഞ്ചായത്ത്. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷന്റെ കീഴില്‍ വരുന്ന ശൗചാലയ നിര്‍മ്മാണം പദ്ധതിയാണ് പഞ്ചായക്കിന്റേതാക്കി മാറ്റിയത്.
നിലവില്‍ ശൗചാലയമില്ലാത്തവര്‍ക്ക് നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ടായിരം രൂപ അനുവദിക്കുന്നുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെട്ട് ആനുകൂല്യം കരസ്ഥമാക്കാന്‍ ധാരാളം പേരാണ് പഞ്ചായത്തുകളില്‍ എത്തുന്നത്. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഗ്രാമസേവികക്ക് എഴുതിനല്‍കേണ്ട സത്യവാങ്മൂലത്തിലാണ് കേന്ദ്രപദ്ധതിയെ പനയം ഗ്രാമപഞ്ചായത്ത് സ്വന്തം പദ്ധതിയായി നാമകരണം ചെയ്തിട്ടുള്ളത്. എഴുതിനല്‍കേണ്ട സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പഞ്ചായത്തില്‍ നിന്നാണ് ആനുകൂല്യത്തിന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നത്. ഈ പകര്‍പ്പിലാണ് ബുദ്ധിപൂര്‍വ്വം പഞ്ചായത്ത് ശുചിത്വഭാരതം പനയം ഗ്രാമപഞ്ചായത്ത് പദ്ധതിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയില്‍ ഉള്‍പ്പെട്ട പനയം പഞ്ചായത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിരവധി ഫണ്ടുകളാണ് ലഭിക്കുന്നത്. എന്നാല്‍ ഇതെല്ലാം പഞ്ചായത്ത് മറച്ചുവയ്‌ക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഗുരുതരവീഴ്ച പഞ്ചായത്ത് നടത്തിയിരിക്കുന്നത്.
















