കോഴിക്കോട്: എസ്എന്‍ഡിപി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റ യാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍. കടത്തനാട്ടും സാമൂതിരിയുടെ തട്ടകത്തിലും യാത്രക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കുന്നത്.
രാവിലെ പത്ത് മണിക്ക് വടകര പഴയ ബസ് സ്റ്റാന്റിന് സമീപം കോട്ടപറമ്പ് മൈതാനത്ത് ആണ് ജില്ലയിലെ ആദ്യസ്വീകരണ സമ്മേളനം നടക്കുന്നത്. പേരാമ്പ്ര യൂണിയന്‍ പ്രസിഡന്റ് കെ. കുഞ്ഞിക്കണാരന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബാബു പൂതംപാറ സ്വാഗതവും വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രന്‍ നന്ദിയും പറയും. വടകര, പേരാമ്പ്ര, പയ്യോളി യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് യാത്രയ്‌ക്ക് സ്വീകരണം നല്‍കുന്നത്.
വൈകീട്ട് 3.30ന് കോഴിക്കോട് മുതലക്കുളം മൈതാനത്താണ് യാത്രക്ക് സ്വീകരണം നല്‍കുക. സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലാണ്ടി യൂണിയന്‍ പ്രസിഡന്റ് പറമ്പത്ത് ദാസന്‍ അദ്ധ്യക്ഷത വഹിക്കും. കേരളക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി വി. രജീന്ദ്രനാഥ്, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ വി.പി അശോകന്‍, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിക്കും. കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി, കോഴിക്കോട്, മാവൂര്‍, ബേപ്പൂര്‍, നീലഗിരി, കല്‍പ്പറ്റ, ബത്തേരി യൂണിയനുകളിലെ പ്രതിനിധികളും വിവിധ സമുദായ സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.
സ്വാഗതസംഘം കണ്‍വീനര്‍ കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി. സുധീഷ് സ്വാഗതവും സ്വാഗതസംഘം ട്രഷറര്‍ പി. ഷനൂബ് നന്ദിയും പറയും.
















