കോഴിക്കോട്: തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോള്‍ യൂവാവിന്റെ കണ്ണില്‍ തുളച്ചുകയറിയ ഒമ്പത് സെന്റിമീറ്റര്‍ നീളത്തിലുള്ള ഇരുമ്പ് കമ്പി അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആശുപത്രിയിലെ റെറ്റിന വിഭാഗം മേധാവി ഡോ. വി. എസ്. പ്രകാശിന്റെ നേതൃത്വത്തില്‍ ഡോ. എം.ജി. ജയചന്ദ്രനടങ്ങുന്ന മെഡിക്കല്‍ സംഘമാണ് നാലു മണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച പരപ്പനങ്ങാടിക്കടുത്ത് ഉള്ളണത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനം കാണുന്നതിനിടെ ജംഷീറിന്റെ (30) കണ്ണില്‍ കമ്പി തുളച്ചുകയറിയത്. നേത്രഗോളത്തിന്റെ പാളികള്‍ക്കകത്ത് വളഞ്ഞുകയറിയ കമ്പി രണ്ടു കഷണങ്ങളാക്കി മുറിച്ച ശേഷമാണ് പുറത്തെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹം ആശുപത്രി വിട്ടെങ്കിലും വരും ദിവസങ്ങളിലുള്ള പരിശോധനകള്‍ക്ക് ശേഷം മാത്രമേ കാഴ്ച ശക്തിയുടെ കാര്യം പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡോ. വി. എസ്. പ്രകാശ് പറഞ്ഞു.
















