മട്ടാഞ്ചേരി: കടല്‍ വഴിയുള്ള ഭീകരവാദ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള ആഭ്യന്തര സുരക്ഷയ്‌ക്കായി തീരദേശ പോലീസിനെ ശക്തമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവം. സംസ്ഥാനതീരത്ത് പണി പൂര്‍ത്തിയായി ഏഴോളം തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ ഉദ്ഘാടനം കാത്ത് കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെയായി അടഞ്ഞുകിടക്കുകയാണ് പോലീസ് സ്‌റ്റേഷനുകള്‍.
കുമ്പള, തൃക്കരിപ്പുര്‍, തലശ്ശേരി, വടകര, പൊന്നാനി, വെണ്‍മനാട്, അര്‍ത്തുങ്കല്‍ എന്നിവയാണ് ഉദ്ഘാടനം കാത്ത് കഴിയുന്നത്. ഏലത്തുര്‍ ,അഞ്ച് തെങ്ങ്, പൂവാര്‍ എന്നീ സ്‌റ്റേഷനുകള്‍ നിര്‍മ്മാണപൂര്‍ത്തികരണത്തിന്റെ അവസാന ഘട്ടത്തിലാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തിലെ എട്ട് സ്‌റ്റേഷനുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
മൂന്നാം ഘട്ടമായുള്ള ഏഴ് തീരദേശസ്‌റ്റേഷനുകള്‍കൂടി സംസ്ഥാനത്ത് നിര്‍മ്മിക്കാനുണ്ട്. 570 കിലോമീറ്റര്‍ ദൈര്‍ഘമുള്ള കേരളതീരത്തെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് സംവിധാനം ശക്തമാക്കണമെന്ന കേന്ദ്ര നിര്‍ദേശമുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ ഈ അലംഭാവം. സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി സേനാംഗങ്ങളെ നിയമിക്കുന്നതിലെ സര്‍ക്കാര്‍ നയമാണ് തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ നോക്കുകുത്തിയാകാന്‍ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
















